ഈ പച്ചപ്പാണ് ഖരീഫിന്റെ സൗന്ദര്യം, അത് നശിപ്പിക്കരുതേ...
text_fieldsഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ചകൾ
മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിന്റെ പച്ചപ്പും കുളിരണിയിക്കുന്ന മഴയും ആസ്വദിക്കാനെത്തുന്നവർ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ഉണർത്തുന്നു. പച്ചപ്പ് നിറഞ്ഞ സമതലങ്ങളിലൂടെയും പർവതചരിവുകളിലൂടെയും വാഹനങ്ങൾ ക്രമരഹിതമായി കടന്നുപോകുന്നത് പ്രകൃതിയെത്തന്നെ ദോഷകരമായി ബധിക്കാൻ സാധ്യതയുണ്ട്. പ്രകൃതിയെ കൂട്ടുപിടിച്ച് സസ്യജാലങ്ങളെ സംരക്ഷിച്ചുള്ള ആസ്വാദനത്തിന് എല്ലാവരും മുൻഗണന നൽകണമെന്നാണ് പ്രകൃതിസ്നേഹികൾ ചൂണ്ടിക്കാണിക്കുന്നത്.
മറ്റ് അറബ് രാജ്യങ്ങൾ വെന്തുരുകുമ്പോൾ പ്രകൃതിയുടെ വരദാനമെന്നോളം ജൂലൈ 17മുതൽ വന്നെത്തുന്ന ഖരീഫ് ദോഫാറിനെ കുളിരണിയിക്കുകയും പച്ചപ്പണിയിക്കുകയും ചെയ്യും. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പച്ചപ്പുള്ളതും ആകർഷകവുമായ പ്രദേശങ്ങളിലൊന്നായി ഈ സമയം ദോഫാർ മാറും. അതുകൊണ്ടുതെന്ന ഈ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ദോഫാർ ഗവർണറേറ്റിൽ മാത്രം 900 ഇനം സസ്യങ്ങളുണ്ട്. ഒമാന്റെ മൊത്തം സസ്യജാലങ്ങളുടെ 64 ശതമാനത്തെ ഇത് പ്രതിനിധീകരിക്കുന്നു. മഴ കിട്ടിത്തുടങ്ങുന്നതോടെ ഈ സസ്യങ്ങൾ തഴച്ചുവളരും. ഇത് ഖരീഫ് സീസണിൽ ഗവർണറേറ്റിനെ പ്രത്യേകിച്ച് ആകർഷകമാക്കുന്നു.
അനിയന്ത്രിതമായ വാഹനഗതാഗതത്തിൽ നിന്ന് ഈ സുപ്രധാന ഹരിത ഇടങ്ങളെ സംരക്ഷിക്കുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി പദ്ധതി തുടങ്ങിയിട്ടുണ്ട്. ഗവർണറേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത ആസ്തികളിലൊന്നായ പർവതങ്ങൾ, സമതലങ്ങൾ, ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെയാണ് ഇത് വ്യക്തമാക്കുന്നത്.
എന്നാൽ, വർധിക്കുന്ന വിനോദസഞ്ചാരവും പ്രകൃതിദത്തപ്രദേശങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ വ്യാപകമായ ഉപയോഗവും ഗുരുതരമായ ഭീഷണികൾക്ക് കാരണമായിട്ടുണ്ട്. ക്രമരഹിതമായ വാഹനങ്ങളുടെ സഞ്ചാരം സസ്യങ്ങളെ തകർക്കുകയും വേരുകളെ നശിപ്പിക്കുകയും മണ്ണിന്റെ ഘടനയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇത് സസ്യവളർച്ചക്ക് ആവശ്യമായ വെള്ളവും വായുവും നിലനിർത്താനുള്ള മണ്ണിന്റെ ശേഷി കുറക്കുന്നു. കാലക്രമേണ, ഇത് സസ്യജാലങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണ സൊസൈറ്റി ‘ബോധവത്കരണ സംരംഭം’ ശക്തമാക്കിയിട്ടുണ്ട്.
ഖരീഫ് സീസൺ ആരംഭിക്കുന്നതിനുമുമ്പ് അഴുക്കുചാലുകൾ അടക്കുന്നതിന് പരിസ്ഥിതി അതോറിറ്റി, ദോഫാർ മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് തുടങ്ങിയ അധികാരികളുമായുള്ള സഹകരണം, ഹരിത ഇടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാർക്കും സന്ദർശകർക്കും വിദ്യാഭ്യാസപരമായ അവബോധം നൽകുക, ബ്രോഷറുകൾ വിതരണം ചെയ്യുക, ജൈവവൈവിധ്യ പ്രഭാഷണങ്ങൾ നടത്തുക, സോഷ്യൽ മീഡിയയിൽ ബഹുഭാഷാ അവബോധ സന്ദേശങ്ങൾ പങ്കിടുക, തദ്ദേശീയ സസ്യജാലങ്ങൾക്കും ജൈവവൈവിധ്യത്തിനും ഭീഷണിയായ പാർത്തീനിയം ഹിസ്റ്ററോഫോറസ്, മെസ്ക്വിറ്റ് മരങ്ങൾ (പ്രൊസോപിസ് ജൂലിഫ്ലോറ) തുടങ്ങിയ അധിനിവേശ ഇനങ്ങളെ ചെറുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബയോബാബ്, കാട്ടു അത്തി (ഫിക്കസ് സൈക്കോമോറസ്), കാട്ടു ഒലിവ് (ഒലിയ യൂറോപ്പിയ), കുന്തിരിക്കം എന്നിവയുൾപ്പെടെയുള്ള മരങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന തണ്ടുതുരപ്പൻ, ചിതൽ തുടങ്ങിയ പ്രാണികളെ ലക്ഷ്യമിട്ടുള്ള കീടനിയന്ത്രണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. ഹരിത ഇടങ്ങളിലേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുന്നതിനും റോഡരികുകളിൽ നിയുക്ത പാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളെയും സൊസൈറ്റി അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.