അമേരിക്ക-ഇറാൻ മൂന്നാംഘട്ട ചർച്ച ശനിയാഴ്ച മസ്കത്തിൽ
text_fieldsമസ്കത്ത്: അമേരിക്ക-ഇറാൻ ആണവ വിഷയത്തിൽ മൂന്നാം ഘട്ട ചർച്ച ഒമാന്റെ മധ്യസ്ഥതയിൽ ശനിയാഴ്ച മസ്കത്തിൽ നടക്കും. ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.
ബുധനാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇറാൻ, അമേരിക്കൻ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ ലഭ്യത കണക്കിലെടുത്ത കൂടിക്കാഴ്ച ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബഗായ് അറിയിച്ചു. കൂടിക്കാഴ്ചക്ക് മുൻകൈ എടുത്തു ഒമാനാണെന്നും ഇറാനും യു.എസും അതിനെ സ്വാഗതം ചെയ്തതായും ബഗായ് വ്യക്തമാക്കി.
ദിവസങ്ങൾക്ക് ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ രണ്ടാം ഘട്ട ചർച്ച ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ നടന്നിരുന്നു.
റോമിലെ ഒമാൻ എംബസിയിലായിരുന്നു നാലു മണിക്കൂർ നീണ്ട ചർച്ച നടന്നത്. വ്യത്യസ്ത മുറികളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയായിരുന്നു.
രണ്ടാം ഘട്ട ചർച്ചകളെ ‘സൃഷ്ടിപരം’ എന്നും ‘വളരെ നല്ല പുരോഗതി’ കൈവരിക്കുന്നുവെന്നുമാണ് ഇരു കക്ഷികളും വിശേഷിപ്പിച്ചിട്ടുള്ളത്. ഏപ്രിൽ 26ന് ഒമാനിൽ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, വരുംദിവസങ്ങളിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. സാധ്യമായേക്കാവുന്ന കരാറിന്റെ വിശദാംശങ്ങൾ വിദഗ്ധർ ചർച്ച ചെയ്യുമെന്നത് ചർച്ചകളിലെ പുരോഗതി സൂചിപ്പിക്കുന്നു. ഇറാനെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കുമ്പോൾ തന്നെ ട്രംപ് പെട്ടെന്നുള്ള കരാറിനായി സമ്മർദം ചെലുത്തിയതിനാലാണിത്.
‘നമ്മുടെ പരോക്ഷ ചർച്ചകളിൽ ഇരു കക്ഷികളും വളരെ നല്ല പുരോഗതി കൈവരിച്ചതായി’ ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്നാം ഘട്ട ചർച്ചക്ക് മുമ്പായി കരാറിന്റെ കരട് ചർച്ച ചെയ്യാൻ വിദഗ്ധരെ നിയോഗിക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ആദ്യ ഘട്ട ചർച്ചയും മസ്കത്തിലായിരുന്നു നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.