ദോഫാറിൽ ഭക്ഷ്യപരിശോധന; ആറ് സ്ഥാപനങ്ങൾക്ക് താഴിട്ടു
text_fieldsദോഫാർ മുനിസിപ്പാലിറ്റി അധികൃതർ ഭക്ഷ്യസ്ഥാപനങ്ങളിൽ
പരിശോധന നടത്തുന്നു
സലാല: ദോഫാർ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ നിരവധി ഭക്ഷ്യസ്ഥാപനങ്ങളിൽ നിയമലംഘനം കെണ്ടത്തുകയും പിഴ ചുമത്തുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായായിരുന്നു പരിശോധന.
ദോഫാർ മുനിസിപ്പാലിറ്റി, ആരോഗ്യകാര്യ മേഖലക്കുകീഴിലുള്ള ആരോഗ്യപരിശോധനവകുപ്പ് വഴിയാണ് ഗവർണറേറ്റിലുടനീളമുള്ള ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയത്.
ഹോട്ടലുകൾ, റിസോർട്ടുകൾ, ഇവന്റ് റസ്റ്റാറന്റുകൾ, പരമ്പരാഗത അടുക്കളകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതുടർന്ന് ആറ് റസ്റ്റാറന്റുകൾ അടച്ചുപൂട്ടി. അനധികൃതമായി ഭക്ഷണം കൈകാര്യം ചെയ്യൽ, ഭക്ഷണം തയാറാക്കൽ, സംഭരണസ്ഥലങ്ങളിലെ ശുചിത്വക്കുറവ് എന്നിവക്ക് 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മുനിസിപ്പാലിറ്റി നടപ്പാക്കിയ പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 18 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷ്യസേവനങ്ങൾ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ കർമപദ്ധതിയുടെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.
തിരക്കേറിയ ദോഫാർ ഖരീഫ് സീസണിൽ സമൂഹത്തിന്റെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളുമായാണ് പരിശോധന.
പൊതുജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനും എല്ലാ സ്ഥാപനങ്ങളും ആരോഗ്യചട്ടങ്ങൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.