മുൻ റയൽ മാഡ്രിഡ് കോച്ച് ഇനി ഒമാന്‍ തന്ത്രങ്ങൾ മെനയും
text_fieldsകാർലോസ് ക്വിറോസ്
മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ കോച്ചായി പോർചുഗലിന്റെ പരിചയസമ്പന്നനായ കാർലോസ് ക്വിറോസിനെ നിയമിച്ചു. നിലവിലെ കോച്ചായ റഷീദ് ജാബിറിന് പകരക്കാരനയാണ് ക്വിറോസ് ഒമാൻ ടീമിന് തന്ത്രം മെനയാൻ എത്തുന്നത്. ആഗോളതലത്തിലെ പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുണ്ട് ഇദ്ദേഹത്തിന്. ഹമദ് അൽ അസാനയെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചു.
മൊസാംബിക്കിൽ ജനിച്ച ക്വിറോസ് തന്റെ കരിയറിൽ ഉടനീളം അഭിമാനകരമായ പരിശീലക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പോർചുഗൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, കൊളംബിയ എന്നിവയുൾപ്പെടെയുള്ള ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായിരുന്നു. ഇറാനുവേണ്ടി ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കുകയും അവരെ തുടർച്ചയായി രണ്ട് ഫിഫ ലോകകപ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു.
2014, 2018 കാലങ്ങളിലാണ് ഇറാൻ ഇദ്ദേഹത്തിനു കീഴിൽ ലോകകപ്പ് യോഗ്യത നേടിയത്. ക്ലബ് തലത്തിൽ റയൽ മഡ്രിഡിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മാഞ്ചസ്റ്റർ യുനൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായി സർ അലക്സ് ഫെർഗൂസണുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു.
ക്ലബിന്റെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ഫെർഗൂസണുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം. ദേശീയ ടീമിന്റെ പ്രകടനത്തെ ഉയർത്താനുള്ള ധീരമായ നീക്കമായാണ് ക്വിറോസിനെ കോച്ചായി വെക്കാനുള്ള ഒമാൻ ഫുട്ബാൾ അസോസിയേഷന്റെ തീരുമാനത്തെ ഫുട്ബാൾ പ്രേമികൾ കാണുന്നത്. ദേശീയ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ജാബറിന്റെ പ്രവർത്തനത്തിന് നന്ദി പറയുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നതായി ഒമാൻ ഫുട്ബാൾ അസോസിയേഷൻ എക്സിലൂടെ അറിയിച്ചു. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം. തജികിസ്താന്‍, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് ടൂര്‍ണമെന്റ്.
ഗ്രൂപ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്ഥാന്, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. തജികിസ്ഥാന്‍, ഇറാന്, അഫ്ഗാനിസ്ഥാന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ് ബിയിലും അണിനിരക്കും. ആഗസ്റ്റ് 30ന് ഉസ്ബകിസ്ഥാനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്ഥാനെയും അഞ്ചിന് തുര്‍ക്ക്മെനിസ്ഥാനെയും നേരിടും. സെപ്റ്റംബര്‍ എട്ടിന് ഗ്രൂപ് എയിലെയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.
പിന്തുണച്ചവർക്ക് നന്ദി, ടീമിന് വിജയാശംസകൾ -റഷീദ് ജാബിർ
മസ്കത്ത്: ഒമാൻ ഫുട്ബാൾ ടീമിന്റെ മുന്നേറ്റത്തിന് എല്ലാവിധ വിജയശാംസകളും നേരുന്നതായി സ്ഥാനമൊഴിഞ്ഞ കോച്ച് റഷീദ് ജാബിർ പറഞ്ഞു. ഒമാൻ ടീമിന്റെ പുതിയ കോച്ചായി കാർലോസ് ക്വിറോസിനെ നിയമിച്ചതിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെല്ലുവിളികളും വിജയങ്ങളും നിറഞ്ഞ കാലഘട്ടത്തിൽ രാജ്യത്തിനെയും തന്നെയും പിന്തുണച്ച എല്ലാവരോടും നന്ദി അറിയിച്ചു.
റഷീദ് ജാബിർ
ജാബിറിന്റെ നേതൃത്വത്തിൽ ഒമാൻ ഗൾഫ് കപ്പ് ഫൈനലിലെത്തിയിരുന്നു. ലോകകപ്പ് യോഗ്യതയുടെ നാലാം റൗണ്ടിലേക്ക് ടീമിനെ കൈപിടിച്ചുയർത്തിയാണ് ജാബിർ പടിയിറങ്ങുന്നത്. ഇവ ഓർമയിൽ കൊത്തിവെക്കപ്പെടുന്ന മനോഹരമായ നിമിഷങ്ങളും നാഴികക്കല്ലുകളുമാണെന്ന് അദ്ദേഹം കുറിച്ചു. തന്റെ പിൻഗാമിക്കും ദേശീയ ടീമിനും വിജയാശംസകൾ നേർന്ന ജാബിർ വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ എന്നും പറഞ്ഞു.
2024ന്റെ തുടക്കത്തിൽതന്നെ നാല് വർഷമായി ഒമാൻ കോച്ചായിരുന്ന ബ്രാങ്കോ ഇവാൻകോവിച്ചിന്റെ സ്ഥാനം തെറിച്ചിരുന്നു. ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് പുറത്തേക്കുള്ള വഴി തുറന്നത്. പിന്നാലെ പുതിയ പരിശീലകനായി ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയ എത്തി. എന്നാൽ ഏഴ് മാസം പൂർത്തിയാക്കാതെ സിൽഹവിയും ഔട്ടായി. അവിടെയാണ് ഒമാന്റെ പഴയ താരം ജാബിറിന് നറുക്ക് വീണത്.
ലോകകപ്പ് യോഗ്യതാറൗണ്ടിൽ ടീം ജയിച്ചും തോറ്റും മുന്നേറി. അറേബ്യൻ കപ്പിനായി ടീമിനെ ഉടച്ചുവാർത്തു. ഒളിമ്പിക്, അണ്ടർ ട്വന്റി ടീമുകളിലെ താരങ്ങളെ വെച്ച് ക്യാമ്പ് സംഘടിപ്പിച്ച് മികച്ച കളിക്കാരെ ഉൾപ്പെടുത്തി ടീം സെറ്റാക്കുകയും ചെയ്തു. ഒടുവിൽ ലോക കപ്പ് യോഗ്യതയുടെ നാലാം റൗണ്ടിലുമെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.