മാലിന്യസംസ്കരണത്തിൽ മുന്നേറി ജി.സി.സി രാജ്യങ്ങൾ
text_fieldsമസ്കത്ത്: മാലിന്യസംസ്കരണത്തിൽ മികച്ച മുന്നേറ്റം നടത്തി ജി.സി.സി രാജ്യങ്ങൾ. 2023ൽ ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നായി ആകെ ശേഖരിച്ചത് 26.27 കോടി ടൺ മാലിന്യങ്ങളാണ്. ഇതിൽ 19.2 കോടി ടണ്ണും സംസ്കരിക്കാനായി. കഴിഞ്ഞദിവസം ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, ജി.സി.സി രാജ്യങ്ങളിൽ മാലിന്യത്തിന്റെ തോത് 2019നെ അപേക്ഷിച്ച് 153.7 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും ഗാർഹിക മാലിന്യത്തിന്റെ പ്രതിശീർഷവിഹിതം 17.4 ശതമാനം കുറഞ്ഞ് പ്രതിദിന ആളോഹരി മാലിന്യത്തിന്റെ അളവ് 1.4 കിലോഗ്രാം എന്ന നിലയിൽ എത്തി. ജി.സി.സി രാജ്യങ്ങളിൽ നിന്ന് ശേഖരിക്കുന്ന 99.2 ശതമാനം മാലിന്യവും അപകടകരമല്ലെന്നും റിപ്പോർട്ട് പറയുന്നു.
അപകടകരമായ 95.8 ശതമാനം മാലിന്യവും സംസ്കരിക്കുന്നതിന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. മാലിന്യത്തിൽനിന്ന് ലോഹങ്ങളും ലോഹ സംയുക്തങ്ങളും പുനരുപയോഗം ചെയ്യുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതാണ് സംസ്കരണ രീതികളിൽ പ്രധാനം. അപകടകരമായ മാലിന്യത്തിന്റെ പുനരുപയോഗവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യം 12 ജി.സി.സി രാജ്യങ്ങൾ വിജയകരമായി കൈവരിച്ചതായും റിപ്പോർട്ട് വിശദീകരിക്കുന്നു. 2023ൽ മാലിന്യ പുനരുപയോഗ നിരക്ക് 30 ശതമാനമായിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യപരിചരണരംഗത്ത് നിന്നുള്ള മാലിന്യങ്ങളുടെ തോത് 2022നെ അപേക്ഷിച്ച് 2023ൽ 11.4 ശതമാനം കുറഞ്ഞു. മെഡിക്കൽ മാലിന്യസംസ്കരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സുപ്രധാനമായ ചുവടുവെപ്പുകൾ നടത്താനും ജി.സി.സി രാജ്യങ്ങൾക്ക് കഴിഞ്ഞു.2023 മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങളുടെ എണ്ണം 23ലെത്തി. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഈ രംഗത്ത് 27.8 ശതമാനം വർധനവാണുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.