കനത്ത മഴ തുടരുന്നു; ഒമാനിൽ മൂന്ന് മരണം
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ മൂന്ന് കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തി. തുടർന്നുള്ള തിരച്ചിലിലാണ് മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോരിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ് ലഭിച്ചത്.
മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്കത്ത്, ദാഖിലിയ, ദാഹിറ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴ കോരിച്ചൊരിയുന്നത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും നിർദ്ദേശിച്ചു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീട്ടിൽനിന്നിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
കനത്ത മഴയിൽ റൂവിയിലെ റോഡിൽ വെള്ളം കയറിയപ്പോൾ-വി.കെ. ഷെഫീർ
വാദിയിൽ കുടുങ്ങിയവരെ രക്ഷിച്ചു
വാദികളിലും മറ്റും കുടുങ്ങിയ നിരവധിപേരെയാണ് തിങ്കളാഴ്ച രക്ഷിച്ചത്. ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ അകപ്പെട്ടയാളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി. സീബിൽ നിന്ന് ഒരാളെയും രക്ഷിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ആറുപേരെയും രക്ഷിച്ചു.
മുൻ കരുതൽ നടപടിയുടെ ഭാഗമായി അൽവുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റുകളിൽ തിങ്കളാഴ്ച ഒമാൻ അധികൃതർ പൊതു അവധി നൽകിയിരുന്നു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുവാസലാത്ത് മസ്കത്ത് സിറ്റി സർവിസ് റദ്ദാക്കി. എന്നാൽ, മറ്റ് സർവിസുകൾ പതിവുപോലെ തുടർന്നു. മവേല സെൻട്രൽ മാർക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി അടച്ചിട്ടു. മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത്-ബൗശർ റോഡ് പൂർണമായി അടച്ചു.
തലസ്ഥാന നഗരിയിൽ തിങ്കളാഴ്ച രാവിലെ മുതൽ കാര്യമായിട്ട് മഴയുണ്ടായിരുന്നില്ല. എന്നാൽ ഉച്ചയോടെ മഴ കനക്കാൻ തുടങ്ങി. സുർ ബാനി ഖുസൈം വാദി കവിഞ്ഞ് ഒഴുകിയതിനാൽ, ഷിനാസ് വിലായത്തിനും ലിവക്കും ഇടയിൽ ഗതാഗതം തടസ്സപ്പെട്ടു. റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
സുഹാർ, ഷിനാസ്, സൂർ നിസ്വ, സഹം, സമാഇൽ, ലിവ, സുവൈഖ്, അമീറാത്ത്, നഖൽ, ജഅലാൻ ബൂ അലി, ഖുറിയാത്ത്, റൂവി, വാദി കബീർ, ബൗഷർ, ബർക്ക, സൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത്.
ഞായറാഴ്ച തുടങ്ങിയ മഴ തിങ്കളാഴ്ചയും തുടരുകയായിരുന്നു. പലയിടത്തും രാത്രിയോടെയാണ് ശക്തിയാർജിച്ചത്. ഉൾപ്രദേശങ്ങിൽ റോഡുകളിൽ വെള്ളം കയറി നേരീയതോതിൽ ഗതാഗത തടസ്സം നേരിട്ടു.
അതേസമയം, ബുധനാഴ്ചവരെ മഴയുണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ 20മുതൽ 60 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിലായിരിക്കും തീവ്രത അനുഭവപ്പെടുക.
ബുധനാഴ്ച രാവിലെ മുതൽ ന്യൂന മർദ്ദം ക്രമേണ ദുർബലമാകും. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും. മണിക്കൂറിൽ 28മുതൽ 64കി.മീറ്റർവരെ വേഗതയിൽ കാറ്റ് വീശിയേക്കും. വേണ്ട മുൻ കരുതൽ നടപടികൾ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
അഭയ കേന്ദ്രങ്ങൾ തുറന്നു
മസ്കത്ത്: കനത്ത മഴയെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ അഭയ കേന്ദ്രങ്ങൾ തുറന്നു. ബുറൈമി ഗവർണറേറ്റിൽ ഹഫ്സ ബിൻത് സിറിൻ സ്കൂളിലാണ് കേന്ദ്രം തുടങ്ങിയത്. 250 പേർക്ക് താമസിക്കാവുന്ന സൗകര്യമാണ് ഇവിടെയുള്ളത്. കൂടുതൽ വിവരങ്ങൾക്കായി 25645634 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. വടക്കന്‍ ബാത്തിന മേഖലയിലെ അഭയ കേന്ദ്രങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു.
റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ മഴബാധിത പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നു
സുവൈഖിലെ അല്‍ യര്‍മൂക്ക്, അല്‍ അഹ്നഫ്, ഹിന്ദ് ബിന്ത് അമര്‍ സ്കൂളുകൾ, ഖാബൂറയിലെ ദുര്‍റത്ത് അല്‍ ഇല്മ്, അള് റയ്യാന്‍, അള് ഹവാരി ബിന്‍ മാലിക്, സുഹാറിലെ ആൺകുട്ടികൾക്കുള്ള സെക്കന്‍ഡറി സ്കൂള്‍, പെൺകുട്ടികൾക്കുള്ള അഹമദ് ബിന്‍ സഈദ് സ്കൂള്‍ സഹം യഅ്റൂബ് ബിന്‍ ബല് അറബ് സെക്കന്‍ഡറി സ്കൂള്‍, ശിനാസ് സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, ലിവ അല്‍ ബാത്തിന സ്കൂള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.