ചൂട് കൂടി; ഫാമുകൾ തേടി പ്രവാസികൾ
text_fieldsഫോട്ടോ; മിഥുൻ രവി
സുഹാർ: വേനൽ കനത്തതോടെ ഫാമുകൾ തേടി പ്രവാസികൾ. ചൂട് ഉയർന്നതിനാൽ പൊതുപരിപാടികളും പുറത്തേക്കുള്ള യാത്രകളും കുറഞ്ഞു.
പകുതിയോളം കുടുംബങ്ങൾ അവധിക്ക് നാട്ടിലേക്കുംപോയി. ബാക്കിയായ പ്രവാസികുടുംബങ്ങളാണ് തോട്ടങ്ങൾ തേടിയുള്ള യാത്രയിൽ പുതിയ സങ്കേതങ്ങൾ തേടിപ്പിടിക്കുന്നത്. ബാത്തിന മേഖലയിൽ നിറയെ തോട്ടങ്ങളുണ്ട്. അഞ്ചും ആറും ഏക്കറുകളിൽ പരന്നു കിടക്കുന്നവയാണിതിലധികവും.
ബാത്തിന മേഖലയിലെ ഫാമുകളിൽനിന്നുള്ള കാഴ്ചകൾ
വലിയ മതിൽ കെട്ടിനുള്ളിൽ നിരവധി പഴവർഗങ്ങൾ വിളയിച്ചെടുക്കുന്ന അത്ഭുത ലോകമാണിവിടം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞാൽ അതൊരു കാഴ്ച വിരുന്നു തന്നെയായിരിക്കും.
റുസ്താക്ക്, ഖാബൂറ, സുവൈഖ്, സഹം, ഫലജ്, ശിനാസ്, അഖർ, ബുറൈമി, യങ്കൽ, കൂടാതെ ജബൽ മേഖലകൾ എന്നിവിടങ്ങളിൽ നിരവധി തോട്ടങ്ങളുണ്ട്. ഫലജ് എന്ന നീരുറവകളുടെ ചാലുകൾ കൊണ്ട് സമൃദ്ധമാണിവിടം. ആടും, മാനും, ഒട്ടകവും, കുതിരയും, പശുവും, കഴുതയും, മയിലും, മുയലും, കോഴിയും, താറാവും കൊണ്ട് നിറഞ്ഞതാണ് പലതും.
മുന്തിരിയും, സപ്പോട്ടയും, പപ്പായയും, മാങ്ങയും, നാരങ്ങയും, ചക്കയും, തണ്ണിമത്തനും, പേരക്കയും, സപ്പോട്ടയും വിളഞ്ഞു നിൽക്കുന്ന കാഴ്ച മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കും. തക്കാളി വഴുതന, പടവലം. മല്ലിയില, പുതിനയില, വാഴ എന്നിങ്ങനെ പച്ചക്കറി വേറെയും കാണും. സ്വകാര്യ തോട്ടത്തിൽ പ്രവേശനം കിട്ടുക എളുപ്പമല്ല. അടഞ്ഞു കിടക്കുന്ന ഗേറ്റ് തുറക്കാൻ പരിചയമുള്ള ആരെങ്കിലും കൂടെ ഉണ്ടാകണം. അതല്ലെങ്കിൽ ഫാം ചുമതലക്കാരനെ കണ്ടെത്തി അനുവാദം വാങ്ങണം.
ബംഗ്ലാദേശികളോ പാകിസ്താൻ സ്വദേശികളോയായിരിക്കും ചുമതലക്കാർ. ഉടമ സ്വദേശി സ്ഥലത്തുണ്ടെങ്കിൽ അനുവാദം ലഭിക്കും. ഒമാനികളുടെ തനത് സ്വഭാവ സവിശേഷതകളിൽപെട്ടതാണ് ആരെയും നിരുത്സാഹ പ്പെടുത്തില്ല എന്നത്. ഗേറ്റ് മലർക്കെ തുറന്നു കൊടുക്കുന്ന തോട്ടങ്ങളുമുണ്ട്. അവിടെ കയറുന്നതിൽ തടസ്സമില്ല. അല്ലെങ്കിൽ തൊഴിൽ ഇടത്തിലെ അർബാബോ, കൂടെ ജോലി ചെയ്യുന്ന സ്വദേശിയോ നമ്മുടെ കടയിൽ സ്ഥിരമായി വരാറുള്ള ഓമനിയോടോ ചോദിച്ചാൽ തോട്ടം കാണാൻ അവർ അവസരം ഒരുക്കിത്തരും. കാരണം അധികം പേർക്കും ഈ മേഖലകളിൽ തോട്ടങ്ങളുണ്ടാകും.
തോട്ടത്തിൽ നീന്തി കുളിക്കുകയും ചെയ്യാം. കൃഷി നനക്കാൻ ഫലജ് ഉണ്ടാക്കും. അതിലൂടെ ഒഴുകി വരുന്ന തെളിനീർ വെള്ളത്തിൽ നീന്തിക്കുളിക്കുകയുമാവാം. പുറത്ത് ചൂടാണെങ്കിലും തോട്ടത്തിൽ നല്ല തണുപ്പും കാറ്റും ഉണ്ടാവും കുടുംബവുമായി തോട്ടം സന്ദർശിച്ചു തിരിച്ചു വരുമ്പോൾ അവിടുന്ന് കിട്ടുന്ന സമ്മാനങ്ങൾ കൊണ്ട് കാറിന്റെ ഡിക്കി നിറയും.
വെണ്ടക്ക, മുരിങ്ങ, പപ്പായ, കറിവേപ്പില, മാങ്ങ, പേരക്ക അങ്ങനെ എന്തും തന്നുവിടും അവരുടെ സന്തോഷത്തിന്. എന്ത് നട്ടാലും കിളർത്തു പന്തലിക്കുന്ന മണ്ണാണ് ഒമാന്റെ ഭൂമിക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.