ഇൻകാസ് നിസ്‌വയുടെ ഇടപെടൽ; ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പിലൂടെ കോട്ടയം സ്വദേശിനി നാടണഞ്ഞു
text_fieldsനിസ്‍വ: ഇൻകാസ് നിസ്‌വയുടെ ഇടപെടൽ മൂലം മനുഷ്യകടത്തു സംഘത്തിൽനിന്നും കോട്ടയം സ്വദേശിനി സുനിലയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. നിസ്‌വയിൽ നടന്ന ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പിൽ ഇൻകാസ് നിസ്‌വ റീജിയണൽ കമ്മിറ്റി ഇന്ത്യൻ അംബാസിഡർ ജി.വി. ശ്രീനിവാസിന് സമർപ്പിച്ച പരാതിയിന്മേൽ ആണ് നടപടിയുണ്ടായത്. ദുബായിയിൽ ജോലിക്ക് കൊണ്ടുവന്നതിനുശേഷം ഏജന്റ് ഒമാനിലേക്ക് കടത്തികൊണ്ടുവന്ന യുവതിയെക്കുറിച്ച് കഴിഞ്ഞ 28 ദിവസമായി യാതൊരു അറിവുമില്ലായിരുന്നു.
ഇൻകാസ് പ്രവർത്തകർ നാട്ടിലെ കുടുംബത്തിൽനിന്നും അവസാനം കിട്ടിയ യുവതിയുടെ ലൊക്കേഷന്റെ വിശദാംശങ്ങൾവെച്ചു രഹസ്യ സങ്കേതം കണ്ടെത്തി എംബസി കോൺസിലറ്റ് ക്യാമ്പിൽ അപേക്ഷയോടൊപ്പം സമർപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ അംബാസിഡർ പ്രശ്നത്തിൽ ഇടപെടാമെന്നു പ്രവർത്തകർക്ക് വാക്കുകൊടുക്കുകയും പരിഹാരം കാണുകയായിരുന്നു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ സുനിലക്ക് നാട്ടിൽ കുടുംബത്തോടൊപ്പം ചേരുവാൻ സാധ്യമായി.
ഇൻകാസ് നിസ്‌വ കമ്മിറ്റി ഭാരവാഹികൾ ആയ വർഗീസ് സേവ്യർ, പ്രകാശ് ജോൺ, സൈജു സെബാസ്റ്റ്യൻ എന്നിവർ ഒമാനിലെ എയർപോർട്ടിൽ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. സുനിലയെയും കുടുംബത്തെയും സന്ദർശിച്ച്, നാട്ടിലുള്ള ഇൻകാസ് നിസ്‌വാ പ്രസിഡന്റ് സതീഷ് നൂറനാട് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം നൽകി. അംബാസഡർ ജി വി. ശ്രീനിവാസ് ചുമതല ഏറ്റശേഷം കോൺസുലാർ ക്യാമ്പുകൾ സജീവമായി നടക്കുന്നുണ്ട്. ഒമാന്റെ വിദൂര ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാണ്. പ്രവാസി സംഘടനകളുടെയും കോൺസുലർ ഏജന്റ്മാരുടെയും സഹകരണത്തോടെ ആണ് ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഇത് പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുവാനും, കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ അറിയാനും സഹായം നേടാനും സഹായകരമാകുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.