ആദായനികുതി റിട്ടേൺ ഫയൽ; പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കണം
text_fieldsപ്രവാസികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമോ വേണ്ടയോ എന്നുള്ള കാര്യം വളരെയധികം ആശയക്കുഴപ്പമുള്ള ഒരു കാര്യമാണ്. 2024-25 ലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണെങ്കിലും നേരത്തേ ഫയൽ ചെയ്യുന്നത് അവസാന വട്ട തിരക്ക് ഒഴിവാക്കാം. നികുതി അടക്കാൻ ഇല്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യുന്നത് അഭികാമ്യമാണ്.
ഇപ്പോൾ ധാരാളം പ്രവാസികൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തതിന് ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടുള്ള വിവരം എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. നിങ്ങളുടെ എൻ.ആർ.ഇ നിക്ഷേപങ്ങൾക്കു നികുതി കൊടുക്കേണ്ട എന്നത് ശരിയാണ്. പക്ഷെ, നാട്ടിലുള്ള വരുമാനത്തിന് നികുതി കൊടുക്കണം.
2024-25 വർഷത്തെ രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപക്ക് മുകളിലുള്ള വരുമാനത്തിനും പുതിയ സ്കീമിൽ മൂന്നു ലക്ഷത്തിനും മുകളിലുള്ളതിനും നികുതി കൊടുക്കുകയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയൂം വേണം. എന്നാൽ പ്രശ്നം ഇവിടെയല്ല . നിലവിലുള്ള ആദായനികുതി നിയമം അനുസരിച്ചു പ്രവാസികളുടെ എൻ.ആർ.ഒ അക്കൗണ്ടിലുള്ള പലിശ വരുമാനത്തിന് 30ശതമാനം നികുതിയും നാലു ശതമാനം സെസും ചേർത്ത് 31.4 ശതമാനം നികുതി ധനകാര്യ സ്ഥാപനങ്ങൾ പിടിക്കും .
എന്നുവച്ചാൽ, 100 രൂപ പലിശ കിട്ടുമ്പോൾ 31.40 രൂപ നികുതി ബാങ്കുകൾ പിടിക്കും എന്നർഥം. ഇങ്ങനെ ടി.ഡി.എസ് പിടിക്കുന്നതിനു ചെറിയ തുകയെന്നോ വലിയ തുകയെന്നോ വ്യത്യാസമില്ല. നാട്ടിലെ ബാങ്ക്, കെ.എസ്.എഫ്.ഇ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലുള്ള എൻ.ആർ.ഇ അല്ലാതെയുള്ള പ്രവാസിയുടെ പേരിലുള്ള നിക്ഷേപങ്ങളുടെ പലിശ, കെട്ടിട വാടക , മറ്റു വരുമാനങ്ങൾ എന്നിവക്കെല്ലാം ഇതു ബാധകമാണെന്ന് ഓർക്കുക.
നികുതി പിടിക്കുന്നില്ല എന്നതുകൊണ്ട് നികുതി കൊടുക്കേണ്ട എന്ന തെറ്റായ ധാരണ വേണ്ട. സാധാരണ പ്രവാസികൾ, ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മകൊണ്ടു റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയൂം സ്ഥാപനങ്ങൾ പിടിച്ച തുക തിരികെ ആദായ നികുതി വകുപ്പിൽ നിന്നും വാങ്ങാതെയുമാണ് ഉള്ളത്.
റിട്ടേൺ ഫയൽ ചെയ്തു തുക തിരികെ വാങ്ങാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണ് എന്ന കാര്യം മറക്കാതിരിക്കുക. 2024-25 സാമ്പത്തിക വർഷത്തിൽ പഴയ സ്കീമിൽ രണ്ടര ലക്ഷത്തിനു മുകളിലും പുതിയ സ്കീമിൽ മൂന്നു ലക്ഷത്തിലും കൂടുതൽ നാട്ടിൽ വരുമാനമുണ്ടെങ്കിൽ നിർബന്ധമായും റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്.
എന്താണ് ചെയ്യേണ്ടത്
പ്രവാസികളല്ലാത്തവർക്ക് 2024-25 ഇൽ പഴയ സ്കീം പ്രകാരം അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി കൊടുക്കേണ്ട. പുതിയ സ്കീമിൽ ഇത് ഏഴു ലക്ഷമാണ്. 2025-26 വർഷത്തേക്ക് പുതിയ സ്കീമിൽ പന്ത്രണ്ടു ലക്ഷം വരെ നികുതി കൊടുക്കേണ്ട. എന്നാൽ പ്രവാസികൾക്ക് ഈ ആനുകൂല്യം കിട്ടില്ല. പ്രവാസികൾക്ക് 2024-25 സാമ്പത്തിക വർഷം പുതിയ സ്കീമിൽ മൂന്നു ലക്ഷവും 2025-26 സാമ്പത്തിക വർഷത്തേക്ക് നാലു ലക്ഷവുമാണ് പരിധി.
ഇതിനു മുകളിലുള്ള നാട്ടിലെ വരുമാനത്തിന് നികുതി കൊടുക്കണം. നികുതിയുടെ പരിധി മേൽ പറഞ്ഞതാണെങ്കിലും നിങ്ങുളുടെ എൻ.ആർ.ഒ നിക്ഷേപങ്ങൾക്ക് നേരത്ത പറഞ്ഞതുപോലെ 31.4 ശതമാനം ടി.ഡി.എസ് പിടിക്കും. അപ്പോൾ എന്ത് ചെയ്യണം. ഇങ്ങനെ നികുതിയായി പിടിച്ച തുക തിരികെ കിട്ടണമെങ്കിൽ അതാതു വർഷം റിട്ടേൺ ഫയൽ ചെയ്യണം. നാ്ടിലെ വരുമാനം നികുതി പരിധിക്കു താഴെ ആണെങ്കിലും റിട്ടേൺ ഫയൽ ചെയ്യണമെന്നർഥo .
പ്രവാസികൾ ഫയൽ ചെയ്യേണ്ടത് ITR-2 എന്ന ഫോം ആണ്. ഓൺലൈൻ ആയി ഫയൽ ചെയ്യണം. ഇത് അത്ര പ്രയാസമുള്ള സംഗതി അല്ല എന്നിരുന്നാലും ഫോം ITR1 അപേക്ഷിച്ചു പ്രയാസമാണ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുന്നേ, നിങ്ങളിൽ നിന്നും എത്ര തുക ആദായ നികുതി ആയി 2024-25 സാമ്പത്തിക വർഷം പിടിച്ചിട്ടുണ്ട് എന്ന് പരിശോധിക്കണം.
ഇതിന്റെ വിശദ വിവരം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും കിട്ടും. പാൻ നമ്പർ ആണ് നിങ്ങളുടെ യൂസർ ഐഡി . പാസ്വേർഡ് ഉണ്ടാക്കണം. ഇതിൽ ലോഗിൻ ചെയ്തു കയറിയാൽ 26AS എന്ന വിഭാഗത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പിടിച്ച നികുതിയുടെ വിവരങ്ങൾ കാണാം കഴിയും. പക്ഷെ ഈ ഒരു സ്റ്റേറ്റ്മെന്റ് ഇന്ത്യക്കു പുറത്തു നിന്നും എടുക്കാൻ പ്രയാസമാണ് . നാട്ടിലുള്ള ആളുകളുടെ സേവനം പ്രയോജനപ്പെടുത്താം.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ആധാർ, പാൻ എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ ആദായ നികുതി വകുപ്പിന് വിവരങ്ങൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന കാര്യം ഓർക്കുക. അല്ലെങ്കിൽ തന്നെയും നാട്ടിലെ പല ആവശ്യങ്ങൾക്കും ഇത് പ്രയോജനപ്പെടാം.
മാത്രമല്ല ആദായ നികുതി വകുപ്പിന്റെ നോട്ടീസും പിഴയും ഒഴിവാക്കാം. വലിയ വരുമാനമുള്ള പ്രവാസികൾക്ക് നാട്ടിൽ ഇതിനു വേണ്ട സൗകര്യമുള്ളതുകൊണ്ട് അവർ കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്. അതുകൊണ്ടു ഇടത്തരം പ്രവാസികളും ആദായ നികുതി റിട്ടേൺ എല്ലാ വർഷവും ഫയൽ ചെയ്യുന്നത് ഉചിതമായിരിക്കും .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.