ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ്: വീണ്ടും മലയാളി തിളക്കം
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾക്ക് ജയം. അഞ്ച് സീറ്റിലേക്കായി നാല് മലയാളികൾ അടക്കം എട്ട് സ്ഥാനാർഥികളാണ് മത്സരിച്ചത്. പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, പി.പി. നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ.
സയിദ് അഹമദ് സൽമാൻ, ആര്‍. ദാമോദര്‍ കാട്ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. അഹമദ് സൽമാൻ, ഷമീർ, കൃഷ്ണേന്ദു, നിതീഷ് കുമാർ എന്നിവർ നിലവിൽ ബോർഡ് അംഗമാണ്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഷമീറിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്, 594. 550 വോട്ട് നേടിയ ആര്‍. ദാമോദര്‍ കാട്ടി രണ്ടാമതും 496 വോട്ട് ലഭിച്ച അഹമദ് സൽമാൻ മൂന്നാമതും എത്തി. കൃഷ്‌ണേന്ദു 440ഉം നിതീഷ് 432 വോട്ടുകൾ നേടി.
ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് തുടർച്ചയായി രണ്ടാം തവണയാണ് മൂന്നു മലയാളികൾ ഒരുമിച്ച് വരുന്നത്. ഡോ. സജി ഉതുപ്പാന്‍ 407, വിജയ് ശരവണ ശങ്കരന്‍ -268, പ്രഭാകരന്‍ കൃഷ്ണമൂര്‍ത്തി -231എന്നിങ്ങനെയാണ് പരാജയപ്പെട്ട മറ്റുള്ളവരുടെ വോട്ടുനില. 67 ശതമാനമാണ് ഇത്തവണത്തെ പോളിങ്. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികളുടെ 5,125 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുണ്ടായിരുന്നത്. 3,506 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതിൽ 85 വോട്ട് അസാധുവായി.
രാവിലെ എട്ട് മുതൽ അഞ്ച് വരെ മസ്കത്ത് ഇന്ത്യൻ സ്കൂൾ മൾട്ടി പർപസ് ഹാളിലായിരുന്നു വോട്ടെടുപ്പ്. വിജയിച്ചവരെ ആനയിച്ച് ആഹ്ലാദ പ്രകടനം നടന്നു. രാവിലെ എട്ട് മുതൽ തന്നെ വിവിധ സ്ഥാനാർഥികളെ പിന്തുണക്കുന്നവരും സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു. ഫലപ്രഖ്യാപനം കേൾക്കാനും നിരവധി പേർ എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.