പ്രളയഫണ്ട് വകമാറ്റി ചെലവഴിക്കാൻ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നീക്കം
text_fieldsമസ്കത്ത്: മഹാപ്രളയത്തിൽ ദുരിതത്തിലായ കേരളത്തെ സഹായിക്കാനായി വിദ്യാർഥികളിൽ നിന്ന് പിരിച്ചെടുത്ത തുക വക മാറ്റിച്ചെലവഴിക്കാനുള്ള ഇന്ത്യൻ സ്കൂൾ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ.
2019ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ കെടുതികളിൽ ഒരു കൈത്താങ്ങ് എന്ന നിലയിലായിരുന്നു വിദ്യാർഥികളിൽ നിന്ന് തുക ശേഖരിച്ചത്. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് സൽമാനെ നേരിൽക്കണ്ട് രക്ഷിതാക്കൾ തങ്ങളുടെ പ്രതിഷേധമറിയിക്കുകയും പ്രസ്തുത വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.ഒമാൻ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ആണ് പ്രളയഫണ്ട് ശേഖരിക്കാൻ തീരുമാനമെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക അയച്ചു കൊടുക്കാനായിരുന്നു പദ്ധതി. ഇന്ത്യൻ സോഷ്യൽ ക്ലബ് നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂനിറ്റിയുടെ വിവിധ വിഭാഗങ്ങളിൽനിന്നും ഇത്തരത്തിൽ ശേഖരിച്ച പ്രളയ ഫണ്ടിന്റെ ഭാഗമാകാൻ സ്കൂൾ ബോർഡും അന്ന് തീരുമാനിക്കുകയായിരുന്നു. കുറച്ചു കാലതാമസമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് ഫണ്ട് അയച്ചപ്പോൾ, വിദ്യാർഥികളിൽ നിന്ന് പിരിച്ച തുക സോഷ്യൽ ക്ലബ്ബിന് കൈമാറുന്നതിൽ അന്ന് ബോർഡിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സ്കൂൾ ബോർഡിന്റെ കാലയളവിൽ ഈ വിഷയം പരിശോധിച്ച് പിരിച്ച ഫണ്ട് നാട്ടിലേക്ക് അയക്കാനെടുത്ത തീരുമാനത്തെയാണ് പുതിയ ചെയർമാന്റെ കീഴിലുള്ള ബോർഡ് ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നത്. പ്രസ്തുത തുക ബോർഡുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കായി വകയിരുത്തി ചെലവഴിക്കാൻ നടന്നു കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്.
പ്രളയ ദുരിതങ്ങളിൽ കഷ്ടതയനുഭവിച്ചു കൊണ്ടിരുന്ന സഹോദരങ്ങൾക്കായി തങ്ങളാൽ സാധിക്കുന്ന വിധത്തിൽ സംഭാവന നൽകിയ വിദ്യാർഥി സമൂഹത്തോട് കടുത്ത അനീതിയാണ് ഈ തീരുമാനത്തിലൂടെ ബോർഡ് സ്വീകരിച്ചിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
അപ്രതീക്ഷിതമായി സംഭവിച്ച പ്രളയദുരിതത്തിൽ മുങ്ങിത്താണ കേരളത്തിന്, വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ലഭ്യമായ സഹായങ്ങൾ മുടക്കുന്ന നിലപാട് സ്വീകരിച്ചവരുടെ ബോർഡിലെ പ്രതിനിധികൾ തന്നെയാണ് ഈ വിഷയത്തിലും ദേശവിരുദ്ധനില കൈക്കൊണ്ടിരിക്കുന്നത്. പ്രളയ ഫണ്ട്, പ്രളയബാധിതർക്കുള്ളതാണ് എന്ന നിലപാടിൽ ഉറച്ചു തന്നെയാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകമായിരുന്നുവെന്നും ഈ വിഷയത്തിൽ ബോർഡന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകാത്ത പക്ഷം സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെട്ട് നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും കൂടുതൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ.വി. വിജയൻ,അനു ചന്ദ്രൻ, കൃഷ്ണകുമാർ,ബിജോയ്, ദിനേശ് ബാബു, ഗണേഷ്, ജിനു, സുരേഷ് കുമാർ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.