ഇറാൻ-യു.എസ് ആണവ കരാർ: ഇറാൻ, ഒമാൻ, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഇറാൻ-യു.എസ് ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനായി ഇറാൻ, ഒമാൻ, ഖത്തർ വിദേശകാര്യ മന്ത്രിമാരായ ഡോ. അബ്ബാസ് അരഗ്ചി, സയ്യിദ് ബദർ ഹമദ് അൽബുസൈദി, ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവർ ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. യു.എസ്-ഇറാൻ ചർച്ചകളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
കരാറിലേക്ക് നയിക്കുന്ന ധാരണകളിലെത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള യോഗത്തിന് മുൻകൈയെടുത്ത ഖത്തറിനെ സയ്യിദ് ബദറും ഇറാൻ വിദേശകാര്യമന്ത്രിയും അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഗ്ചിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.ഇറാൻ-യുഎസ് ചർച്ചകളുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങളും നിർദ്ദേശങ്ങളും ഇരു മന്ത്രിമാരും പങ്കുവെച്ചു. ഇരു കക്ഷികളുടെയും താൽപര്യങ്ങളും ആശങ്കകളും പരിഗണിച്ച് കരാറിലെത്തേണ്ട കാര്യങ്ങളെ കുറിച്ചും വിശകലനം ചെയ്തു.
അതേസമയം, അമേരിക്ക-ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാം ഘട്ട ചർച്ച കഴിഞ്ഞ ആഴ്ച ഒമാന്റെ മധ്യസ്ഥതയിൽ മസ്കത്തിൽ നടന്നിരുന്നു. ഇരുകക്ഷികളും കരാറിലേക്ക് എത്തുന്നതിനുള്ള നീക്കത്തിലാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്.
കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് യു.എ.ഇ സന്ദർശനത്തിനിടെ ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ നിർദേശങ്ങൾ തത്വത്തിൽ ഇറാൻ അംഗീകരിച്ചുവെന്നും ഇരു രാജ്യങ്ങളും ആണവ കരാറിന്റെ പടിവാതിലിലാണെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ഭിന്നതകൾ പൂർണമായും തീർത്തിട്ടില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ചർച്ചകൾ ബുദ്ധിമുട്ടുള്ളതും എന്നാൽ ഉപയോഗപ്രദവുമായിരുന്നുവെന്നാണ് നാലാംഘട്ട ചർച്ചകൾക്കുശേഷം ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഇസ്മായിൽ ബഖായ് പ്രസ്താവനയിൽ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.