ഇറാഖ് പ്രധാനമന്ത്രിക്ക് വരവേൽപ്പ്; സലാലയിൽ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsസലാല: ഇറാഖ് പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഷിയാ അൽ സുദാനി ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. സലാലയിലെ അൽ- ഹുസ്ൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. സുൽത്താനുമായി ഇറാഖ് പ്രധാനമന്ത്രി ഔദ്യോഗിക ചർച്ചകൾ നടത്തി.
സലാല വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ഷിയാ അൽ സുദാനിയെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് കൂടിക്കാഴ്ച. ഊർജം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ ഒമാനും ഇറാഖും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും അവലോകനം ചെയ്തു.
ഇരുജനവിഭാഗങ്ങളുടെയും പ്രയോജനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള വികസന കാഴ്ച്ചപ്പാടുകളും പരസ്പരം പങ്കുവെച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സ്ഥിരതയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒമാന്റെയും ഇറാഖിന്റെയും പ്രതിബദ്ധതയെ അടിവരയിടുന്നതാണ് കൂടിക്കാഴ്ച. പരസ്പര താൽപര്യമുള്ള പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സഹകരണം ശക്തമാക്കുന്നതിലും ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇറാഖ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.