സഹകരണം വിപുലപ്പെടുത്തി ഇറാഖ് പ്രധാനമന്ത്രി മടങ്ങി
text_fieldsഇറാഖ് പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഷിയാ അൽ സുദാനിക്ക് നൽകിയ യാത്രയയപ്പ്
മസ്കത്ത്: സഹകരണം വർധിപ്പിക്കുന്നതിനായി ഒമാനും ഇറാഖും രണ്ട് കരാറുകളിലും 24 ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ഇറാഖ് പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഷിയാ അൽ സുദാനിയയുടെ ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാറുകളിലും ധാരണ പത്രങ്ങളിലും ഒപ്പുവച്ചത് .
ഇറാഖ് പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഷിയ അൽ-സുദാനിയുടെയും ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദിന്റെയും സാന്നിധ്യത്തിൽ സലാലയിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇരട്ട നികുതി ഒഴിവാക്കൽ, വരുമാനത്തിലും മൂലധനത്തിലുമുള്ള നികുതി വെട്ടിപ്പ് തടയൽ, നയതന്ത്ര, പ്രത്യേക സേവന പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് പരസ്പര വിസ ഇളവുകൾ തുടങ്ങിയവായാണ് കരാറുകളിൽ വരുന്നത്.
ഊർജം, വ്യവസായം, ടൂറിസം, ആശയവിനിമയം, യുവത്വം, കായികം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഭവന നിർമ്മാണം, നഗരാസൂത്രണം, റേഡിയോ, ടെലിവിഷൻ, ഗതാഗതം, ലോജിസ്റ്റിക്സ്, സ്റ്റോക്ക് എക്സ്ചേഞ്ച്, മൂലധന വിപണികൾ, ബാങ്കിംങ് മേൽനോട്ടം, സാമ്പത്തിക സ്ഥിരത, പ്രതിരോധ വ്യവസായങ്ങളുടെ പ്രാദേശികവൽക്കരണം, എണ്ണ സംഭരണം എന്നിവയാണ് ധാരണാപത്രങ്ങളിൽ ഉൾപ്പെടുന്നത്.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒമാന്റെയും ഇറാഖിന്റെയും പങ്കിട്ട പ്രതിബദ്ധതയാണ് ഈ കരാറുകളിലൂടെ പ്രതിഫലിക്കുന്നത്.
അതേസമയം, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇറാഖ് പ്രധാനമന്ത്രി ഒമാനിൽനിന്ന് മടങ്ങി. സലാലയിൽ എത്തിയ അദേഹം സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റോയൽ വിമാനത്താവളത്തിൽ പ്രസിഡന്റിനുംപ്രതിനിധി സംഘത്തിനുംനൽകിയ യത്രയയപ്പിന് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ് നേതൃത്വം നൽകി.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൾസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി (ഓണർ ദൗത്യത്തിന്റെ തലവൻ) എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ്ജ, ധാതു മന്ത്രി സലിം ബിൻ നാസർ അൽ ഔഫി, ഒമാനിലെ ഇറാഖ് അംബാസഡർ ഖായിസ് സാദ് അൽ അമ്രി, ഇറാഖിലെ ഒമാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ശൈഖ് മഹ്മൂദ് ബിൻ മുഹന്ന അൽ ഖറൂസി, ദോഫാർ ഗവർണറേറ്റിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, മിഷൻ ഓഫ് ഓണർ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.