ഖാബൂറ കടൽ പാലം; വൈബാണിവിടം..
text_fieldsവടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ കടൽ പാലം ശാന്തി സനൽ
സുഹാർ: ചൂട് കനത്ത് തുടങ്ങിയതോടെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ കടൽ പാലം സ്വദേശികളുടെയും വിദേശികളുടെയും മനം കവരുന്നു. കാബൂറ ടൗണിൽനിന്ന് സൂഖ് ഭാഗത്ത് കൂടി തീരദേശ റോഡിൽ മുന്നോട്ട് പോയാൽ അബ്ബാസ എന്ന സ്ഥലത്ത് എത്താം. അവിടെയാണ് മിനിസ്ട്രി ഓഫ് ഫിഷറീസിന്റെ അധീനതയിലുള്ള മനോഹര പാലം നിലകൊള്ളുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവരെ കൊണ്ട് സജീവമാകുന്ന ഈ പാലത്തിൽ ധാരാളം സന്ദർശകരാണ് ദിനവും എത്തുന്നത്. സായാഹ്ന സവാരിക്കായും കടൽ കാറ്റ് കൊള്ളാനും, ഫോട്ടോ എടുക്കാനും, പിന്നെ മീൻ പിടിക്കാനും ആളുകൾ എത്തുന്ന ഈ പ്രദേശം മനോഹരമാണ്. വാരാന്ത്യ അവധി ദിനങ്ങളിൽ നിറയെ ആളുകൾ എത്തുന്ന ഈ പാലം നിർമിച്ചിട്ട് 20 വർഷത്തിൽ ഏറെയായി എന്നാണ് പറയുന്നത്. ഹാർബറിന് വേണ്ടിയാണ് നിർമിച്ചതെങ്കിലും അതിന്റെ പ്രവർത്തനം ഒന്നും നടക്കുന്നില്ല.
ഭംഗിയായി സംരക്ഷിച്ചു പോരുന്ന ഇവിടെ ബോട്ടുകൾക്ക് അടുക്കാനും നിർത്തിയിടാനും സൗകര്യമുണ്ട്. മറൈൻ കോളജ് പഠനവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ ബോട്ടുകളും ഇവിടങ്ങളിൽ എത്തും. മത്സ്യബന്ധന വള്ളങ്ങൾ വരാറില്ലെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കടൽ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ തന്നെ ഒരു ദിവസ വ്യായാമം പൂർത്തിയാകും. അതിനായി പലരും ഇവിടെ എത്തുന്നു. പാലത്തിന്റെ കൈവരിയിൽ പിടിച്ചു കുശലം പറയുന്ന കുടുംബങ്ങൾ, ചൂണ്ടയിട്ടും വലയെറിഞ്ഞും മത്സ്യം പിടിക്കുന്നവർ, മനോഹരമായ കടലിന്റെ മുകളിൽ
കൂടിയുള്ള നടത്തം, അങ്ങകലെ തെളിഞ്ഞു കത്തുന്ന സ്ട്രീറ്റ് ലൈറ്റ്, ദൂരെ പള്ളിമിനാരത്തിലെ വർണ വെളിച്ചം എല്ലാം കൂടി ഒത്തുചേരുമ്പോൾ വലിയ വൈബാണിവിടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.