ഖരീഫ്: സുഹാറിൽനിന്ന് സലാലയിലേക്ക് സലാം എയർ 15 മുതൽ
text_fieldsസുഹാർ: ഖരീഫ് സീസൺ ആരംഭിക്കാനിരിക്കെ സലാലയിലേക്ക് ജൂലൈ 15 മുതൽ സുഹാർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് സലാം എയർ പ്രതിദിന സർവിസ് ആരംഭിക്കുന്നു. വടക്കൻ ബാത്തിന മേഖലയിലെ ഖരീഫ് സന്ദർശകർക്ക് വലിയ ആശ്വാസമാകും പുതിയ സലാല സർവിസ്. ഖാബൂറ, സഹം, സുഹാർ, ഫലജ്, ബുറൈമി എന്നിവിടങ്ങളിൽനിന്ന് ഖരീഫ് സീസൺ ടൈമിൽ നിരവധി പേർ സലാലയിലേക്ക് എത്തും. അവർക്ക് മസ്കത്ത് എയർപോർട്ട് വരെ യാത്ര ചെയ്യാതെ സുഹാറിൽനിന്ന് സലാലയിലേക്ക് യാത്ര ചെയ്യാം. മുപ്പത് റിയാലിൽ താഴെയാണ് ഒരുവശത്തേക്കുള്ള യാത്രക്ക് ഈടാക്കുന്നത്. ജൂൺ 21 ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്നതാണ് ദോഫാർ ഖരീഫ് സീസൺ. ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളും ദോഫാർ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. ഇത്തീൻ സ്ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന സ്ഥലങ്ങളിലായിരിക്കും പരിപാടികളും പ്രവർത്തനങ്ങളും പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വ്യത്യസ്ത പരിപാടികൾ ഓരോ സൈറ്റിലും ഉണ്ടായിരിക്കും.
ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ പിന്തുണക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രധാന സ്ഥലങ്ങൾക്കൊപ്പം, മറ്റു നിരവധി വേദികളിലും പൊതു, സാംസ്കാരിക പ്രവർത്തനങ്ങൾ നടക്കും. ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ ‘അൽ ഗർഫ്’ പരിപാടി, റൈസ്യൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യ പ്രദർശനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
താഖ, മിർബത്ത്, സാദ എന്നീ വിലായത്തുകളിലും സലാലയിലെ അൽ ഹഫ ബീച്ച് മാർക്കറ്റിലും സംഹാരം വില്ലേജിലും മറ്റു പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സലാല ഇന്റർനാഷനൽ സൈക്ലിങ് ടൂർ, ദോഫാർ ഇന്റർനാഷനൽ ഡ്രാഗ് റേസിങ് ചാമ്പ്യൻഷിപ്, സലാല മാരത്തൺ, ദോഫാർ ഖരീഫ് പരമ്പരാഗത ആയുധ മത്സരം തുടങ്ങിയ പ്രധാന കായിക ഇനങ്ങളും സീസണിൽ നടക്കും. ഇവ വിശാലമായ പങ്കാളിത്തം ആകർഷിക്കാനും ദോഫാറിനെ ഗുണനിലവാരമുള്ള കായിക ടൂറിസത്തിനുള്ള ഒരു ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.