നാടണയാൻ എട്ടുവർഷത്തെ കാത്തിരിപ്പ്; ഒടുവിൽ അബ്ദുൽ റഹ്മാൻ ജീവിതത്തിൽനിന്ന് മടങ്ങി
text_fieldsഅബ്ദുൽ റഹ്മാൻ
മസ്‌കത്ത്: നാട്ടിലേക്ക് മടങ്ങാനായുള്ള എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഗ്രഹം ബാക്കിയാക്കി അബ്ദുൽ റഹ്മാൻ ജീവിതത്തിൽനിന്ന് മടങ്ങി. മലപ്പുറം തിരൂർ ബി.പി. അങ്ങാടി കണ്ണംകുളം വെളിയങ്ങൽ ഹൗസിൽ മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുൽ റഹ്മാൻ (62) ആണ് ഒമാനിലെ ബൂ അലിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജാലാൻ ബനി ബൂ അലിയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. 32 വർഷമായി ഒമാനിൽ പ്രവാസിയായ അദ്ദേഹം ഇക്കാലയളവിൽ പലവിധ ജോലികൾ ചെയ്തിരുന്നു.
കുടുംബത്തിനായി പ്രവാസി മണ്ണിൽ വിയർപ്പൊഴുക്കിയ അബ്ദുൽ റഹ്മാന് പ്രതികൂല സാഹചര്യങ്ങളാൽ കഴിഞ്ഞ എട്ടുവർഷമായി നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞമാസം അദ്ദേഹം നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. പക്ഷേ, ചില കാരണത്താൽ അതും മുടങ്ങി. പിന്നീട് അടുത്ത മാസം നാട്ടിൽപോവാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹമെന്ന് പ്രവാസി സുഹൃത്തുക്കൾ പറഞ്ഞു. അതിനിടെയാണ് അപ്രതീക്ഷിത മരണം. അബ്ദുൽ റഹ്മാന്റെ സഹോദരൻ സുബൈർ ജാലാൻ ബനി ബൂ അലിയിൽതന്നെ കഴിയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയ അബ്ദുൽ റഹ്മാൻ സമീപത്തെ ആശുപത്രിക്ക് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.
മാതാവ്: ഉമിരിയ. ഭാര്യ ഷംസീല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകളുണ്ട്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ ഏക ആശ്രയവും അബ്ദുൽ റഹ്മാനായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

