ഇന്ന് ഉത്രാടപ്പാച്ചിൽ; ഒമാനിൽ ഓണാഘോഷത്തിരക്കിലേക്ക് മലയാളികൾ
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസി മലയാളികൾ വീണ്ടുമൊരു ഓണാഘോഷത്തിരക്കിലേക്ക്. മനസ്സ് നിറയെ കേരളീയതയുമായി വീണ്ടുമൊരു പൊന്നോണത്തെ വരവേൽക്കുന്ന. ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ സജീവമായിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെല്ലാം വരും ആഴ്ചകളിൽ വൈവിധ്യമാർന്ന ആഘോഷങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ബംഗളൂരുവിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഒമാനിലെ മാർക്കറ്റുകളിൽ എത്തിക്കുന്ന വിവിധ വർണ പൂക്കൾ വാങ്ങാൻ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച ഉത്രാടപ്പാച്ചിലിനും നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. പ്രവാസി മലയാളി കുടുംബങ്ങൾ കസവുസാരികളും മുണ്ടുകളും കുർത്തകളും വാങ്ങാനും തിരക്കാണ്.
സദ്യവട്ടങ്ങൾക്കുള്ള ഏത്തക്കായ, ചേന, മത്തങ്ങ, കായ വറുത്തത്, ശർക്കരവരട്ടി എന്നിവയെല്ലാം ഓണക്കാലം കണക്കാക്കി ഒമാൻ വിപണിയിൽ ധാരാളമായി എത്തിയിട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വിഭാഗങ്ങളും, പ്രാദേശിക പ്രവാസി കൂട്ടായ്മകളും, ബിസിനസ് സ്ഥാപനങ്ങളും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തിരുവാതിരക്കളി, ചെണ്ടമേളം, സിനിമാറ്റിക് ഡാൻസ്, ഗാനമേളകൾ എന്നിവ വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ അരങ്ങേറും. ആയിരക്കണക്കിന് പ്രവാസികൾക്ക് ഒരേ സമയം ഇലയിട്ട് വിളമ്പുന്ന വമ്പൻ ഒണസദ്യകളാണ് പല സംഘടനകളും ബുക്ക് ചെയ്തിരിക്കുന്നത്.
ബാച്ചിലർമാരായി കഴിയുന്ന പ്രവാസികൾക്കായി ഒമാനിലെ പ്രമുഖ മലയാളി റെസ്റ്റോറന്റുകൾ ‘ഓണസദ്യ പാഴ്‌സൽ’ സൗകര്യങ്ങളും മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ജോലിത്തിരക്കുകൾക്കിടയിലും ഒത്തുകൂടാനും പരസ്പരം ഓണാംശസകൾ കൈമാറാനും പ്രവാസികളുടെ ഉൽസാഹം മറുനാട്ടിൽ കേരളത്തിന്റെ ഗൃഹാതുരത തീർക്കുന്നു.
മുറ്റത്ത് പൂക്കളമിടാനും സദ്യയൊരുക്കാനും കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തിലാണ്. നാട്ടിൽ പോകാൻ കഴിയാത്തതിന്റെ വിഷമം ഒമാനിലെ ഈ കൂട്ടായ്മകളിലൂടെ മറികടക്കാൻ സാധിക്കുന്നുവെന്ന് പ്രവാസികൾ ഒരേസ്വരത്തിൽ പറയുന്നു.
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുടെയും കൂട്ടായ്മകളുടെയും ദീർഘമായൊരു ഓണക്കാലത്തിനായാണ് ഒമാൻ സുൽത്താനേറ്റിൽ ഇപ്പോൾ അരങ്ങുണരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾക്ക് ദിവസങ്ങൾക്കു മുമ്പെ തുടക്കമിട്ടുകഴിഞ്ഞു.
വരുംദിവസങ്ങളിലും തുടരുന്ന ആഘോഷം ആഴ്ചകളോളം തുടരും. വാരാന്ത്യ ഒഴിവു ദിനങ്ങളിൽ ഓണക്കളികളും പാട്ടും ചിരിയും സദ്യവട്ടങ്ങളുമായി പ്രവാസി മലയാളികൾ കേരളത്തനിമയോടെ ആഘോഷങ്ങളിലലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

