മസീറ ജൈവ വൈവിധ്യങ്ങളുടെ സംഗമ ഭൂമി
text_fieldsമസ്കത്ത്: ജൈവ വൈവിധ്യങ്ങളുടെ സംഗമഭൂമിയായി മസീറ ദ്വീപ്. ഒമാെൻറ തെക്കുകിഴക്ക് ഭാഗത്തുള്ള ഏറ്റവും വലിയ ദ്വീപായ മസീറ പരിസ്ഥിതി പ്രാധാന്യത്തിനൊപ്പം പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വൈവിധ്യമാർന്ന ജീവജാലങ്ങൾക്ക് ഒപ്പം വൻ മത്സ്യസമ്പത്തും വിവിധ ഇനം കടൽ ജന്തുക്കളും കടൽ പാറകളിലും കരയിലും ജീവിക്കുന്ന വിവിധ ജന്തുജാലങ്ങളും കടൽ പക്ഷികളും ദേശാടന പക്ഷികളും മസീറയിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ലോഗർഹെഡ് വിഭാഗത്തിൽപെടുന്ന കടലാമകൾ മുട്ടയിടാനെത്തുന്ന ലോകത്തിലെ രണ്ടാമത്തെ വലുതും ഇന്ത്യൻ മഹാസമുദ്രത്തിെല ഏറ്റവും വലിയ സ്ഥലവുമാണ് മസീറ. ഇൗയിനത്തിൽപ്പെടുന്ന 30,000 മുതൽ 60,000 വരെ ആമകൾ വർഷത്തിൽ ഇവിടെ മുട്ടയിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഹോക്സ്ബിൽ ഇനത്തിൽ പെടുന്ന കടലാമകളും ഇവിടെ കണ്ടുവരുന്നുണ്ട്. ദിമാനിയാത്ത് ദ്വീപിലും ഇവ എത്താറുണ്ട്.
എന്നാൽ. പച്ച ആമകൾ എന്നറിയപ്പെടുന്നവ റാസൽഹദ്ദ് തീരത്തിനെ അപേക്ഷിച്ച് കുറഞ്ഞ എണ്ണം മാത്രമാണ് മസീറയിൽ കണ്ടുവരുന്നത്. ഒലീവ് റിഡ്ലി ടർട്ടിലുകൾ പ്രതിവർഷം 150ഒാളം എണ്ണം മാത്രമാണ് മസീറ തീരത്ത് എത്താറുള്ളത്. ആമകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നിരവധി ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ഒമാൻ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂനിയെൻറ (െഎ.യു.സി.എൻ) റിപ്പോർട്ടിലും ആമകളുടെ സംരക്ഷണത്തിന് കൈക്കൊണ്ട നടപടികളെ പ്രശംസിക്കുന്നു. ആമകളുടെ മുട്ടയിടലിനുള്ള വെല്ലുവിളികളെ നേരിടാൻ ഒമാൻ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുട്ടയിടുന്ന ആമകൾക്ക് ഉത്തരവാദിത്തത്തോടെ സംരക്ഷണം നൽകുന്ന രാജ്യമാണ് സുൽത്താനേറ്റ്.
ലോഗർ ഹെഡ് ആമ, പച്ച ആമ, ഹോക്ബിൽ എന്നിവയുടെ സംരക്ഷണത്തിന് കൈക്കൊണ്ട നടപടികളെയും റിപ്പോർട്ടിൽ എടുത്തുപറയുന്നു. തീരത്ത് മുട്ടയിടാനെത്തുന്ന ആമകളെക്കുറിച്ച് സർവേ നടത്തിയ ആദ്യ രാജ്യംകൂടിയാണ് ഒമാൻ. ഏറ്റവും കൂടുതൽ ദേശാടനപ്പക്ഷികളെത്തുന്ന ദ്വീപ് കൂടിയാണ് മസീറ. പക്ഷി നിരീക്ഷകർക്കും പക്ഷിഗവേഷണം നടത്തുന്നവർക്കും സ്വർഗഭൂമിയാണ് ഇവിടം. നിരവധി ഇനം പക്ഷികളാണ് മസീറയിലുള്ളത്. അതോടൊപ്പം വർഷംതോറും ആയിരക്കണക്കിന് ദേശാടന പക്ഷികളും ഇവിടെയെത്തുന്നു. മസീറയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇൗ പക്ഷികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. അറേബ്യൻ ഉപഭൂഖണ്ഡം, ഇന്ത്യ, പാകിസ്താൻ, ആഫ്രിക്ക, സൈബീരിയ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് ആയിരക്കണക്കിന് പക്ഷികളാണ് തണുപ്പ് കാലമാവുന്നതോടെ വൻ കൂട്ടങ്ങളായി മസീറയിലെത്തുന്നത്.
വേനൽ കാലമടുക്കുന്നതോടെ ഇവ പുതിയ മേച്ചിൽതടം തേടി പറന്നകലുകയും ചെയ്യും. അപൂർവ ഇനം തിമിംഗലങ്ങളുടെയും ആവാസകേന്ദ്രമാണ് മസീറ കടൽ. വംശനാശം നേരിടുന്ന കൂനൻ തിമിംഗലം മസീറ കടലിലുണ്ട്. ഇൗ വിഭാഗത്തിലുള്ള വളരെക്കുറച്ച് എണ്ണം മാത്രമാണ് ഇപ്പോൾ ലോകത്ത് അവശേഷിക്കുന്നത്. ഇത്തരം 200ഒാളം തിമിംഗലങ്ങൾ മസീറ കടലിൽ വസിക്കുന്നതായാണ് ഒമാൻ പരിസ്ഥിതി സൊസൈറ്റി കണക്കാക്കുന്നത്. ബോട്ടിൽ നോസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേകതരം ഡോൾഫിനുകളെയും മസീറ കടലിൽ കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.