മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള; തലസ്ഥാന നഗരിക്ക് ഇനി അക്ഷര വെളിച്ചത്തിന്റെ നാളുകൾ
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: അക്ഷരവെളിച്ചം പകർന്ന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 29ാമത് പതിപ്പിന് ഉജ്ജ്വല തുടക്കം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലാന്ദ അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഇൻഫർമേഷൻ മന്ത്രിയും പ്രധാന സംഘാടക സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി എന്നിവർ പങ്കെടുത്തു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തുമുതൽ രാത്രി പത്തുവരെ നഗരിയിലെത്താം. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കുമായിരിക്കും പ്രവേശനം. വാരാന്ത്യ ദിനങ്ങളൊഴികെയുള്ള ദിവസങ്ങളിൽ ഉച്ചവരെ സ്കൂൾ വിദ്യാർഥികൾക്കും സത്രീകൾക്കും പ്രവേശനത്തിന് മുൻഗണന നൽകും.
ഈ വർഷം, 35 രാജ്യങ്ങളിൽനിന്നുള്ള 674 പ്രസാധക സ്ഥാപനങ്ങളാണ് മേളയിലുള്ളത്. അതിൽ 640 എണ്ണം നേരിട്ടും 34 എണ്ണം ഏജൻസികൾ വഴിയും പങ്കെടുക്കുന്നു. മേളയുടെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആകെ ശീർഷകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം 681,041 ആയി. അതിൽ 467,413 അറബി പുസ്തകങ്ങളും 213,610 വിദേശ പുസ്തകങ്ങളും ഉൾപ്പെടുന്നു. കൂടാതെ, 27,464 ഒമാനി പ്രസിദ്ധീകരണങ്ങളും 2024 ലും 2025 ലും പുതുതായി അച്ചടിച്ച 52,205 പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ ശർഖിയയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മേഖലയിലും പുറത്തുമുള്ള പുസ്തക പ്രേമികൾ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, പ്രസാധകർ എന്നിവർ മേളയിലെത്തും. 10 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ സാംസ്കാരിക പരിപാടികളും പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. അറബിക്, ഇംഗീഷ്, മലയാളം, ഹിന്ദി തുടങ്ങി വിവിധങ്ങളായ ഭാഷയിൽ അറിവുകളുടെ പുത്തൻ ലോകമാണ് പുസ്തകമേളയിലൂടെ വായനക്കാരിലേക്ക് എത്തുക.
അതിഥി ഗവർണറേറ്റായ വടക്കൻ ശർഖിയയുടെ സാംസ്കാരികവും ചരിത്രപരവുമായ അടയാളങ്ങൾ, ശാസ്ത്രീയവും മാനുഷികവുമായ നേട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആധുനിക ജീവിതത്തിന്റെ ഘടകങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും ഉണ്ടാകും. ശർഖിയയുടെ സാംസ്കാരിക, ചരിത്ര, ശാസ്ത്രീയ, മാനുഷിക പൈതൃകം ഉയർത്തിക്കാട്ടുന്നതിനൊപ്പം, സമകാലിക ജീവിതശൈലിയും വിലായത്തുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളും പ്രദർശിപ്പിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി വ്യക്തമാക്കി.
പ്രദർശന കാലയളവിലുടനീളം തിരഞ്ഞെടുത്ത പരിപാടികൾ തത്സമയ സംപ്രേക്ഷണം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ മേളയുടെ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രാദേശിക മാധ്യമങ്ങൾ ദിവസവും സംപ്രേഷണം ചെയ്യും. പൊതുവെ വായന പ്രിയരായ ഒമാനികൾ കുടുംബസമേധമായിരിക്കും പുസ്തകോത്സവ വേദിയിലേക്ക് ഒഴുകിയെത്തുക. ഇവരെ സ്വീകരിക്കാൻ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള പുസ്തകാലയങ്ങളും പ്രസാധകരും എത്തിക്കഴിഞ്ഞു. റഫറൻസ് പുസ്തകങ്ങൾ അടക്കം വിലപിടിപ്പുള്ള പുസ്തകങ്ങൾ കമ്പനി വിലയ്ക്ക് കിട്ടുന്നതിനാൽ ഒമാനിലെ വിദ്യർഥികൾക്കും ഗവേഷകർക്ക് പുസ്കകോത്സവം വലിയ അനുഗ്രഹമാവും.
ഷാർജ ഭരണാധികാരിയുടെ പുസ്തകം പ്രകാശനം ചെയ്തു
മസ്കത്ത് അന്താരാഷ്ട്ര പുസ്തമേളയിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുസ്തകം പ്രകാശനം ചെയ്തു. ‘ദി പോർചുഗീസ് ഇൻ ദ സീ ഓഫ് ഒമാൻ: ഇവന്റ്സ് ഇൻ ദി അന്നൽസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് നടന്നത്. ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല അൽ ഹറാസിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. 15 വാല്യങ്ങൾ അടങ്ങിയതാണ് പുസ്തകം. അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർണമായും പ്രസിദ്ധീകരിക്കും. അറിവ് പകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകമെന്ന് രചയിതാവ് പറഞ്ഞു.
മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഏകദേശം 15 വാല്യങ്ങളുള്ളതായി കണക്കാക്കുന്ന പുസ്തകത്തിൽ രേഖകൾ മാത്രമല്ല, ആ കാലയളവിൽ പോർചുഗീസുകാർ തയാറാക്കിയ വിപുലമായ രചനകളും ഉൾപ്പെടുന്നു. ഇത് വായിക്കുന്നതിലൂടെ ഏതൊരാൾക്കും 260 വർഷത്തിനിടയിൽ നടന്ന സംഭവങ്ങളെയും യുദ്ധങ്ങളെയുംകുറിച്ച് ഉൾക്കാഴ്ച ലഭിക്കും. ഈ കൃതികൾ ഗവേഷകർക്ക് മാത്രമല്ല, സാധാരണ വായനക്കാർക്കും വേണ്ടി തയാറാക്കിയിട്ടുള്ളതാണ്. കൂടാതെ, ആ കാലഘട്ടത്തിലെ പ്രധാന വ്യക്തികളിൽനിന്നുള്ള കത്തിടപാടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് വായനക്കാരുടെ ധാരണയും അറിവും സമ്പന്നമാക്കുമെന്നും അദേഹം പറഞ്ഞു.
മലയാളത്തിന്റെ മാധുര്യവുമായി മൂന്ന് സ്റ്റാളുകൾ
മസ്കത്ത് അന്താരാഷട്ര പുസ്തകമേളയിൽ മലയാളത്തിന്റെ മാധൂര്യവുമായി മൂന്ന് സ്റ്റാളുകൾ. ഇതിൽ രണ്ടെണ്ണം ഒമാനിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽ ബാജ് ബുക്സിന്റെതാണ്. ഡി.സി ബുക്സിന്റെതാണ് മറ്റൊന്ന്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളെല്ലാം സ്റ്റാളിൽ ലഭ്യമായിരിക്കുമെന്ന് അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി. എം. ഷൗക്കത്തലി ഗൾഫ് മാധ്യമത്തോട് പറഞ്ഞു. നോവൽ, കഥകൾ, ബാലസാഹിത്യങ്ങൾ, പാചകം, ഉപന്യാസങ്ങൾ, ആരോഗ്യം, ആത്മകഥകൾ, ചരിത്രം, തിരക്കഥ, സഞ്ചാര സാഹിത്യം കൂടാതെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ പുസ്തകങ്ങൾ തുടങ്ങി 50,000ത്തിലധികം പുസ്തകങ്ങളുടെ സ്റ്റോക്ക് എത്തിയതായി അദ്ദേഹം പറഞ്ഞും. മലയാളത്തിലെ പഴയ എഴുത്തുകാരുടെ വൻ ശേഖരത്തിന് പുറമെ പുതിയ എഴുത്തുകാരുടെയും മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്സ് പുസ്തകങ്ങളും ലഭ്യമായിരിക്കും. ലോകത്തിലെ പ്രമുഖ എഴുത്തുകാരുടെയും പ്രധാന പ്രസാധകരുടെയും പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിലെ അൽബാജിന്റെ ബുക്ക് സ്റ്റാൾ
കൂടാതെ മലയാളത്തിലെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളും പുതിയ എഴുത്തുകാരുടെ രചനകളും സ്റ്റാളിലെ പ്രധാന ആകർഷണമായിരിക്കും. ആട് ജീവിതം, ഒരു സങ്കീർത്തനം പോലെ, നസീഫ് കലയത്തിന്റെ ഖദീജ, സി. എസ് ചന്ദികയുടെ കാന്തൽ, അഗ്നി ചിറകുകൾ, മാധവി കുട്ടിയുടെ ഈ ജൗവിതം കൊണ്ട് ഇത്ര മാത്രം, ജോസഫ് അന്ന കുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ, ഷീല ടോമിയുടെ വല്ലി, അഖിൽ പി ധർമരാജെന്റെ റാം c/o ആനന്ദി, ഖസാക്കന്റെ ഇതിഹാസം, കെ. ആർ മീരയുടെ ഖബർ, ബഷ്റിന്റെ സമ്പുർണ്ണ കൃതികൾ എന്നിവയും ലഭ്യമായിരിക്കും. കൂടുതെ 1.30 ലക്ഷത്തിലധികം കോപികൾ വിറ്റഴിഞ്ഞ നിമ്ന വിജയിന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, ജിസ്മ ഫൈസിന്റെ എന്റെ അരുമയായ പക്ഷിക്ക്, നിമ്ന വിജയിന്റെ നനയുവാൻ ഞാൻ കടലാകുന്നു എന്നീ പുസ്തകങ്ങളും ലഭ്യമായിരിക്കുമെന്ന് ഷൗക്കത്തലി പറഞ്ഞു. ഈ വർഷം നിരവധി പുതിയ പുസ്തകങ്ങൾ വിൽപനക്കെത്തിയതിനാൽ കൂടുതൽ കോപ്പികൾ വിറ്റഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങളും അൽബാജിന്റെ ബുക്ക് സ്റ്റാളിൽ ലഭ്യമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.