മസ്കത്ത് നൈറ്റ്സ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
text_fieldsമസ്കത്ത് നൈറ്റ്സിൽ നിന്നുള്ള കഴ്ച (ഫയൽ)
മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷ കാഴ്ചകളുമായെത്തുന്ന മസ്കത്ത് നൈറ്റ്സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത ജനുവരി ഒന്ന് മുതൽ ജനുവരി 31 വരെയാണ് പരിപാടി നടക്കുക.
പ്രധാന ആകർഷണങ്ങളുടെയും പരിപാടികളുടെയും രൂപകൽപന, നിർമ്മാണം, മാനേജ്മെന്റ് എന്നിവക്കായി മസ്കത്ത് മുനിസിപ്പാലിറ്റി ഒന്നിലധികം ടെൻഡറുകൾ ക്ഷണിച്ചു. അമീറാത്ത് പാർക്കിലെ ഇൻഫ്ലറ്റബിൾ ഗെയിമുകൾക്കുള്ള നിർദ്ദേശങ്ങൾ, പരമ്പരാഗത ഒമാനി മധുരപലഹാര കിയോസ്ക്കുകളുടെ രൂപകൽപനയും നിർമാണവും, നസീം, അമീറാത്ത് പാർക്കുകളിൽ ഹൊറർ സിറ്റി ആകർഷണങ്ങളുടെ സൃഷ്ടി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങൾക്കായി ബിഡുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ ഒമ്പത് ആണ്.
മസ്കത്ത് നൈറ്റ്സിന്റെ സമഗ്രമായ പ്രചാരണ കാമ്പെയ്ൻ നടപ്പിലാക്കുന്നതിനായി മുനിസിപ്പാലിറ്റി മാർക്കറ്റിങ്, പ്രമോഷൻ കാമ്പയിനും ടെൻഡർ ക്ഷണിച്ചു.
പ്രമോഷണൽ കരാറിനുള്ള ബിഡ് സമർപ്പിക്കൽ അവസാന തീയതി സെപ്റ്റംബർ 21 ആണ്. മുൻ പതിപ്പുകളിൽ ജനപ്രിയമായ കുടുംബ സൗഹൃദ മേഖലയായ കിഡ്സ് വേൾഡിന്റെ വികസനത്തിനും മാനേജ്മെന്റിനുമായി ബിഡുകൾ ക്ഷണിച്ചിട്ടുണ്ട്.
മുൻവർഷത്തെ വമ്പൻ വിജയമാണ് മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഈ വർഷം കൂടുതൽ വിപുലമായി നടത്താൻ മുനിസിപ്പാലിറ്റിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ പതിപ്പിൽ 1.7 ദശലക്ഷത്തിലധികം സന്ദർശകരെയാണ് ആകർഷിച്ചത്. 1,000ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ പങ്കെടുത്തു. ഖുറം നാഷണൽ പാർക്ക്, അമീറാത്ത് പാർക്ക്, നസീം പാർക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് പരിപാടി നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.