ദേശീയതല സൗജന്യ പ്രമേഹ പരിശോധന -റിസ്ക് അസസ്മെന്റ് കാമ്പയിൻ
text_fieldsലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാമ്പയിൻ വിശദീകരണത്തിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽനിന്ന്
മസ്കത്ത്: ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ ഡയറക്ടററേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ച് ദേശീയ തലത്തിൽ സൗജന്യ പ്രമേഹ പരിശോധന-റിസ്ക് അസസ്മെന്റ് കാമ്പയിൻ സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് നവംബര്‍ 14, 15 തീയതികളില്‍ കാമ്പയിൻ നടത്തുന്നത്. പ്രമേഹം സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണവും അസുഖം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള പരിചരണവും സംബന്ധിച്ച് അവബോധം നൽകുകയുമാണ് കാമ്പയിൻ ലക്ഷ്യം.
രാജ്യത്തുടനീളം 122 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കാമ്പയിനിൽ 20,000 പേർ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൊന്നായി ഇതു മാറുമെന്നും മനേജ്മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒമാനിലെ 14 ബദര്‍ അല്‍ സമാ ശാഖകളോടൊപ്പം മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളിലായിരിക്കും പരിശോധന കേന്ദ്രങ്ങൾ. ‘പ്രമേഹവും സൗഖ്യവും’എന്നതാണ് ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനാചരണത്തിന്റെ പ്രമേയം. പ്രമേഹം നിയന്ത്രിക്കുക മാത്രമല്ല, രോഗികളിലെ മാനസികാരോഗ്യവും ജീവിതഗുണനിലവാരവും ഉറപ്പാക്കേണ്ടിനെയും കുറിച്ചാണ് ഈ പ്രമേയം ഓര്‍മിപ്പിക്കുന്നത്. ശരിയായ ഭക്ഷണം, മരുന്ന്, വ്യായാമം, മാനസിക പിന്തുണ എന്നിവയുടെ ലഭ്യതയിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. സൗജന്യ പ്രമേഹപരിശോധനക്ക് പിന്നാലെ ഓരോരുത്തരുടെയും അപകടനിരക്ക് വിലയിരുത്തുന്ന ചോദ്യാവലിയും സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ആവശ്യമെങ്കില്‍ വിലക്കുറവില്‍ തുടര്‍ചികിത്സാ സേവനങ്ങളും ലഭ്യമാക്കും.
കാമ്പയിനില്‍ പങ്കെടുക്കാന്‍ 22717181 എന്ന നമ്പറിലേക്ക് മിസ്കോള് നല്‍കാം. ‘പ്രതിരോധ ആരോഗ്യപരിരക്ഷയും പ്രാരംഭ രോഗനിര്‍ണയവും ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുമായി ഈ സംരംഭം പൂര്‍ണമായും ചേർന്നുനിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന ബിന്‍ നാസര്‍ അല്‍ മുസല്‍ഹി പറഞ്ഞു. കൂടുതൽ പരിശോധയും മറ്റും ആവശ്യമുള്ള ഒമാനി പൗരന്മാര്ക്ക് മന്ത്രാലയത്തിന്റെ സൗജന്യ ആഡ്വാന്‍സ്ഡ് ഡയബിറ്റീസ് സ്ക്രീനിങ് പ്രോഗ്രാമില്‍ നിന്ന് പ്രയോജനം നേടാമെന്നും മറ്റ് താമസക്കാർക്ക് ബദര്‍ അല്‍ സമ ഉള്‍പ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ പരിശോധന തുടരാമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യസേവനദാതാക്കളെന്ന നിലയില്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഇത്തരത്തിലുള്ള വൻ കാമ്പയിനുകള്‍ സംഘടിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമണെന്ന് ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലതീഫ് പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.എ. മുഹമ്മദ്, ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മൊയ്തീന് ബിലാല്‍, ഫിറാസത് ഹസന് തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

