പ്രവാസികളുടെ ഗ്രാറ്റുവിറ്റിക്ക് പകരം പുതിയ പദ്ധതി; 2027 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റിക്ക് പകരമായി പുതിയ പ്രൊവിഡന്റ് ഫണ്ട് പദ്ധതി 2027 ജൂലൈ 19 മുതൽ നിലവിൽ വരും. പദ്ധതിയുടെ ഭാഗമായി തൊഴിലുടമകൾ ഓരോ തൊഴിലാളിയുടെയും അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം പ്രതിമാസം ഫണ്ടിലേക്ക് അടക്കണം.പദ്ധതി നിലവിൽ വരുന്നതോടെ അതിനുശേഷമുള്ള സേവനകാലയളവിലെ ഗ്രാറ്റുവിറ്റിക്ക് പകരമായിരിക്കും പുതിയ സമ്പാദ്യ പദ്ധതി. ഫണ്ടിൽ നിക്ഷേപിക്കുന്ന തുകയും അതിന്റെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന വരുമാനവും സാമൂഹിക സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തൊഴിലാളികൾക്ക് ലഭിക്കും.
നിലവിലെ ഗ്രാറ്റുവിറ്റിക്ക് എന്തു സംഭവിക്കും?
2027 ജൂലൈ 19ന് മുമ്പുള്ള സേവനകാലയളവിലെ ഗ്രാറ്റുവിറ്റി മൂന്ന് രീതികളിൽ കൈകാര്യം ചെയ്യാം. തൊഴിലുടമയ്ക്ക് തുക കൈവശംവെച്ച് തൊഴിൽ അവസാനിക്കുമ്പോൾ നൽകാം. പദ്ധതി നടപ്പാക്കുന്ന സമയത്ത് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാം. അല്ലെങ്കിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലെ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.മുൻകാല സേവനത്തിന് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി നിലവിലെ തൊഴിൽ നിയമപ്രകാരമായിരിക്കും കണക്കാക്കുക.പുതിയ പദ്ധതിയിലൂടെ പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങൾക്കായി ക്രമബദ്ധമായ സമ്പാദ്യ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

