ഒമാനിൽ പ്രവാസി റസിഡന്റ് കാർഡ് കാലാവധി 10 വർഷത്തേക്ക് നീട്ടി
text_fieldsമസ്കത്ത്: ഒമാനില്‍ പ്രവാസി റസിഡന്റ് കാര്‍ഡുകളുടെ കാലാവധി 10 വർഷത്തേക്ക് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. റോയൽ ഒമാൻ പൊലീസ് സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിൽ ഭേദഗതികൾ പ്രഖ്യാപിച്ച് പൊലിസ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ഹസൻ മുഹ്‌സിൻ ശുറൈഖിയാണ് പുതിയ ഉത്തരവ് (157/2025) പ്രഖ്യാപിച്ചത്. ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ കാറ്റഗറികൾക്കും നിന്ത്രണങ്ങൾക്കും വിധേയമായാണ് 10 വർഷത്തെ റസിഡൻറ് കാർഡ് അനുവദിക്കുക.
ഇതു പ്രകാരം പ്രവാസി ഐ.ഡി കാർഡുകളുടെ സാധുത കാലയളവുകളും ഫീസുകളും പരിഷ്കരിച്ചു. സിവിൽ രേഖകളുടെ സേവനവുമായി ബന്ധപ്പെട്ട നടപടികൾ റോയൽ ഒമാൻ പൊലീസ് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‍കരണ നടപടി. പുതിയ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ റോയൽ ഒമാൻ പൊലീസ് നൽകിയേക്കും.
കഴിഞ്ഞ ആഗസ്റ്റിലാണ് പ്രവാസി റസിഡന്റ് കാർഡിന്റെ കാലാവധി മൂന്നു വർഷമാക്കി ഉത്തരവിറക്കിയത്. ഇതോടൊപ്പം ഒമാനി പൗരന്മാരുടെ ഐ.ഡി കാർഡുകളുടെ കാലാവധി അഞ്ച് വർഷത്തിൽനിന്ന് 10 വർഷമായി നീട്ടിയിരുന്നു. ഈ ഉത്തരവിൽ വീണ്ടും ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. ഇതുപ്രകാരം, പുതിയ റസിഡന്റ് കാർഡ് എടുക്കുന്നവർക്ക് 10 വർഷം കാലാവധിയുള്ള കാർഡിനായി അപേക്ഷിക്കാം.
നിലവിലെ മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള റസിഡന്റ് കാർഡ് കൈവശമുള്ളവർ അതിന്റെ കാലഹരണ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അത് പുതുക്കണമെന്നും ഉത്തരവില്‍ പറയുന്നു. റസിഡന്റ കാർഡ് പുതുക്കാൻ ഒരു വർഷത്തേക്ക് അഞ്ച് റിയാലും രണ്ട് വർഷത്തേക്ക് 10 ഉം മൂന്ന് വർഷത്തേക്ക് 15ഉം റിയാൽ ആയിരുന്നു ഫീസായി മുൻ ഉത്തരവിൽ നിദേശിച്ചിരുന്നത്. പുതുക്കിയ ഉത്തരവിൽ ഈ തുകയിൽ മാറ്റമില്ല. റസിഡന്റ് കാര്‍ഡിന് 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഒരു വര്‍ഷത്തിന് അഞ്ചു റിയാല്‍ എന്ന തോതിൽ ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാര്‍ഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാലായിരിക്കും നിരക്കെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, ഒമാനി പൗരന്മാർക്കുള്ള നാഷനൽ ഐഡന്റിറ്റി കാർഡിന്റെ കാലാവധിയിലും ഫീസിലും മാറ്റമില്ല. ഒമാനി പൗരന്മാരുടെ തിരിച്ചറിയൽ കാർഡുകൾക്ക് 10 വർഷത്തെ കാലാവധിയും കാർഡ് പുതുക്കുന്നതിന് 10 റിയാൽ ഫീസുമാണ് നേരത്തെ ഏർപ്പെടുത്തിയിരുന്നത്. ഇത് മാറ്റമില്ലാതെ തുടരുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. വൈകാതെ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

