ഒമാൻ ഉൾക്കടൽ പാരിസ്ഥിതിക ദുരന്തത്തിലേക്കെന്ന് പഠനം
text_fieldsമസ്കത്ത്: ഒമാൻ ഉൾക്കടൽ പാരിസ്ഥിതിക ദുരന്തത്തിലേക്കെന്ന് പഠനം. അറബിക്കടലിെൻറ ഭാഗമായ ഒമാൻ ഉൾക്കടലിൽ ഒാക്സിജെൻറ അളവ് ക്രമാതീതമായി കുറയുന്നതായി ബ്രിട്ടനിലെ യൂനിവേഴ്സിറ്റി ഒാഫ് ഇൗസ്റ്റ് ആഞ്ചലിയ നടത്തിയ ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു. പ്രതീക്ഷിച്ചതിലും വലിയ പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പഠനം പറയുന്നു.
‘സീ ഗ്ലൈഡേഴ്സ്’ എന്നറിയപ്പെടുന്ന അണ്ടർ വാട്ടർ റോബോട്ടുകളെ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ഒാക്സിജൻ തീരെ ഇല്ലാത്ത ‘ഡെഡ് സോണുകൾ’ വലിയ തോതിൽ വ്യാപിച്ചതായി കണ്ടെത്തി. ഒട്ടും ഒാക്സിജനില്ലാത്ത സ്കോട്ട്ലൻഡിനോളം വലുപ്പമുള്ള പ്രദേശം കണ്ടെത്തിയതായി പഠനം പറയുന്നു. യൂനിവേഴ്സിറ്റി ഒാഫ് ഇൗസ്റ്റ് ആഞ്ചലിയയിലെ സ്കൂൾ ഒാഫ് എൻവയൺമെൻറ് സയൻസസ് വിഭാഗത്തിലെ ഡോ. ബാസ്റ്റിൻ ക്വസ്റ്റേയുടെ നേതൃത്വത്തിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
കടൽക്കൊള്ളക്കാരുടെ സാന്നിധ്യവും സംഘർഷങ്ങളും മറ്റും നിമിത്തം നേരത്തേ വിവര ശേഖരണത്തിന് സാധിക്കാതിരുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് പഠനം നടത്തിയത്. ചെറിയ മനുഷ്യ ഡൈവറുടെ വലുപ്പമുള്ള റോബോട്ടുകളാണ് പഠനത്തിന് ഉപയോഗിച്ചത്. സമുദ്രത്തിനടിയിൽ ആയിരം മീറ്റർ താഴെ വരെ സഞ്ചരിക്കാവുന്ന ഇൗ റോബോട്ടുകൾ മാസങ്ങളോളം കടലിനടിയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതുമാണ്. രണ്ട് റോബോട്ടുകളെ എട്ട് മാസത്തോളമാണ് കടലിനടിയിൽ നിക്ഷേപിച്ചത്.
ഇവ ആയിരക്കണക്കിന് കിലോമീറ്ററുകൾ ഇക്കാലയളവിൽ സഞ്ചരിക്കുകയും ചെയ്തു. ഉപഗ്രഹവുമായി ഇൗ റോബോട്ടുകൾ നടത്തിയ ആശയ വിനിമയത്തിലൂടെയാണ് കടലിനടിയിലെ ഒാക്സിജെൻറ അളവിനെക്കുറിച്ച വ്യക്തമായ ചിത്രം ഗവേഷകർക്ക് ലഭിച്ചത്. കടലിനടിയിൽ ഒാക്സിജൻ ഒട്ടുംതന്നെ ഇല്ലാത്ത മേഖലകളാണ് ‘ഡെഡ് സോൺ’ എന്ന് അറിയപ്പെടുന്നതെന്ന് ഡോ. ബാസ്റ്റിൻ ക്വസ്റ്റേ പറഞ്ഞു. ‘ഒാക്സിജൻ മിനിമം സോൺ’ എന്നും അറിയപ്പെടുന്ന ഇവ ലോകത്തിെൻറ ചില ഭാഗങ്ങളിൽ കടലിൽ 200 മീറ്റർ മുതൽ 800 മീറ്റർ വരെ ആഴത്തിൽ പ്രകൃതിദത്തമായി കാണപ്പെടുന്നവയാണ്.
എന്നാൽ, ഒമാൻ ഉൾക്കടലിൽ കാലാവസ്ഥ മാറ്റം സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. സമുദ്ര ജലത്തിന് ചൂടു പിടിക്കുന്നതു വഴി ഒാക്സിജെൻറ അളവിൽ കുറവുണ്ടാകും. ഇതോടൊപ്പം കരയിൽനിന്ന് കടലിലേക്ക് ഒഴുക്കുന്ന രാസവളവും അഴുക്കുജലവും ഒാക്സിജെൻറ അളവിൽ കുറവിന് കാരണമാകുന്നുണ്ട്. അറബിക്കടലാണ് ലോകത്തിലെ ഏറ്റവും നീളമേറിയതും ഇടതിങ്ങിയതുമായ ‘ഡെഡ് സോൺ’ എന്ന് വിശേഷിപ്പിക്കാവുന്നതെന്ന് ഡോ. ബാസ്റ്റിൻ ക്വസ്റ്റേ പറയുന്നു. കാര്യങ്ങൾ ഏറെ ഗുരുതരമാണെന്നും വായുവിെൻറ ലഭ്യത ഇല്ലാത്ത മേഖല അതിവേഗത്തിൽ വളരുകയാണെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
സമുദ്രത്തിന് യഥാർഥത്തിൽ ശ്വാസംമുട്ടുകയാണ്. മത്സ്യങ്ങളുടെയും സമുദ്ര സസ്യജാലങ്ങളുടെയും നാശമാകും ഇതിെൻറ ഫലം.
ഇത് സമുദ്രത്തെ തൊഴിലിനായും ഭക്ഷണത്തിനായും ആശ്രയിക്കുന്നവരെ ഗുരുതരമായി ബാധിക്കുമെന്ന് ഡോ. ക്വസ്റ്റേ പറയുന്നു. സീസണുകളിൽ ഇൗ ‘ഡെഡ് സോണുകൾ’ മുകളിലേക്കും താഴേക്കും നീങ്ങുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മത്സ്യങ്ങളുടെ അതിജീവനത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.