മാവുകൾ കായ്ച്ചു തുടങ്ങി; മധുരോർമകളിൽ മലയാളികൾ
text_fieldsസുഹാറിൽനിന്ന് ഫലജിലേക്ക് പോകുന്ന വഴിയിൽ കായ്ചു നിൽക്കുന്ന മാവ്(ചിത്രം: ഹാഷിഫ്)
സുഹാർ: മാമ്പഴ സീസണും ചക്കക്കാലവും മലയാളികൾക്ക് ഓർമകൾ അയവിറക്കാനുള്ള കാലങ്ങളാണ്. ഒമാന്റെ പ്രകൃതിയും മണ്ണും കൃഷിയോഗ്യം തന്നെ. റോഡിന് ഇരുവശവും വളർന്നു പന്തലിച്ചു നിൽക്കുന്ന മാവ് കാണുമ്പോൾ കണ്ണെടുക്കാതെ നോക്കുന്നവരാണ് നമ്മളിൽ പലരും. തോട്ടത്തിന്റെ അരികിൽ കട്ട പിടിച്ച ഇലകൾ പോലെ മാങ്ങ കയ്ചു പഴുത്തു നിൽക്കുന്നത് കണ്ടാൽ എത്ര കത്തുന്ന ചൂടായാലും മലയാളി ഒന്ന് നിൽക്കും. അതെ, സുഹാറിൽനിന്ന് ഫലജിലേക്ക് പോകുന്ന വഴിക്കാണ് ഈ മാങ്ങാത്തോട്ടം.
കശ്ബ, ഫലജൽ ഉഹി, സനായ, ഫലജ് എന്നി സ്ഥലങ്ങളിൽ നിരവധി തോട്ടങ്ങളുണ്ട്. അതിനകത്ത് മാമ്പഴം, നാരങ്ങ, ചക്ക, പപ്പായ, സപ്പോട്ട, വാഴ, മുന്തിരി എന്നിങ്ങനെയുള്ള പഴവർഗങ്ങൾ തഴച്ചു വളരുന്നുമുണ്ട്. തോട്ടത്തിൽ പ്രവേശിക്കുമ്പോൾ തന്നെ നല്ല തണുപ്പ് അനുഭവപ്പെടും. മരങ്ങളും ചെടികളും കൊണ്ട് നിബിഡമാണ് തോട്ടത്തിന്റെ അകം. കുതിര, ഒട്ടകം, മാൻ, മയിൽ, മുഴൽ, ആട്, പശു എന്നിങ്ങനെ വളർത്തു മൃഗങ്ങളും കാണും തോട്ടത്തിൽ.
സ്വദേശികളുടെയും യു.എ.ഇ പൗരൻമാരുടെയും തോട്ടങ്ങളുമാണ് ഇവിടെ കൂടുതൽ. നോക്കി നടത്താൻ ബംഗ്ലാദേശികളും പാകിസ്താൻകാരും ഉണ്ടാവും. ചില തോട്ടങ്ങളിൽ പുറമെ ഉള്ളവർക്ക് പ്രവേശനം ഉണ്ടാവില്ല. ചില തോട്ടങ്ങളിൽ അനുവാദം വാങ്ങി പ്രവേശിക്കാം ഒന്നല്ല നിരവധി വലിയ മാവിലാണ് ഇലുമിനേഷൻ ലൈറ്റ് പോലെ മാങ്ങ കാഴ്ചു നിൽക്കുന്നത്. നല്ല മധുരമുള്ളതും വലിയ വലിപ്പം ഇല്ലാത്തതുമായ മാങ്ങയാണ് കൂടുതൽ. വീണുകിടക്കുന്ന പഴുത്ത മാങ്ങ രുചിച്ചു നോക്കുന്നവരും കുറവല്ല. പുതിയ തലമുറക്ക് മാങ്ങാക്കാലം വലിയ കാര്യമല്ലെങ്കിലും പഴയ തലമുറ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഗൃഹാതുര ഓർമ്മകളാണ് ഇവയൊക്കെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.