ഒമാനിൽ ഐ.ഡി കാർഡിന്റെയും ലൈസൻസിന്റെയും ഡിജിറ്റൽ പതിപ്പിന് ഔദ്യോഗിക അംഗീകാരം
text_fieldsമസ്കത്ത്: ഒമാനിലെ ഐ.ഡി കാർഡുകളുടെയും വാഹന ലൈസൻസുകളുടെയും ഡിജിറ്റൽ പതിപ്പിന് ഔദ്യോഗിക അംഗീകാരമുണ്ടാകുമെന്ന് അധികൃതർ. റോയൽ ഒമാൻ പൊലീസിലെ ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്ട് മാനേജർ ഫസ്റ്റ് ലെഫ്റ്റനന്റ് സലേം ബിൻ സഈദ് അൽ ഫാർസിയാണ് ഡിജിറ്റൽ രേഖകൾക്ക് ഭൗതിക പകർപ്പുകളുടെ അതേ നിയമപരമായ അംഗീകാരം ഉണ്ടെന്ന് അറിയിച്ചത്.
ഐ.ഡി കാർഡിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് പകർപ്പുകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ലഭ്യമാകും. സുൽത്താനേറ്റിൽ ഇവ ഉപയോഗിക്കുന്നതിന് നിയമപരമായി അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
സർക്കാർ സ്ഥാപനത്തിനോ പൊലീസ് പട്രോളിനോ തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്നത് പോലുള്ള ഔദ്യോഗിക സാഹചര്യങ്ങളിൽ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് അൽ ഫാർസി പറഞ്ഞു. ഇത് ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള മുന്നേറ്റത്തെയും പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഒമാന്റെ ശ്രമങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.