നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പദ്ധതിയെ തള്ളി ഒമാൻ
text_fieldsമസ്കത്ത്: ഇസ്രായേൽ പ്രധാനമന്ത്രിയുടെ ‘ഗ്രേറ്റർ ഇസ്രായേൽ’ പദ്ധതിയെ തള്ളി ഒമാൻ. ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ അപലപിച്ച വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമായി ലംഘിക്കുന്നതും ഫലസ്തീൻ ജനതയുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃത അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് വ്യക്തമാക്കി. ഗസ്സയിലെ ഇത്തരം ഏറ്റെടുക്കൽ പദ്ധതി പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉയർത്തുകയും ശത്രുതയും പിരിമുറുക്കവും വർധിപ്പിക്കുകയും ചെയ്യും. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സംഘർഷം ലഘൂകരിക്കലും സഹകരണവും ആവശ്യമുള്ള സമയത്താണ് ഇത് വരുന്നതെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണക്കുന്നതിലും, ദേശീയ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിനോ മേഖലയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തിൽ മാറ്റം വരുത്തുന്നതിനോ ലക്ഷ്യമിട്ടുള്ള ഏതൊരു പദ്ധതിയും എതിർക്കുന്ന ഒമാന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഫലലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച ഒമാൻ, 1967 ജൂൺ നാലിലെ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണാത്മക നയങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും, മേഖലയിൽ നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ സഹായിക്കാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.