ഒമാനിൽ ചൂടോട് ചൂട്
text_fieldsമസ്കത്ത്: ഒമാനിൽ താപനില 50 ഡിഗ്രി സെൽഷ്യസും കടന്ന് മുകളിലോട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിലാണ് രേഖപ്പെടുത്തിയത്. 50.7 ഡിഗ്രിസെൽഷ്യസ് ആണ് ഇവിടുത്തെ താപനിലയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഒമാന്റെ മറ്റു വിലായത്തുകളിലും സമാനമായ ചൂടുതന്നെയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പലയിടത്തും 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് ചൂട്.
ഹംറ അൽ ദുരു: 49.7, വാദി മാവിൽ, സുവൈഖ്: 49.6, സഹം: 49.4, ഫഹൂദ്: 49.1, ബിദ്ബിദ്: 49.0, റുസ്താഖ്: 48.8, നഖൽ: 48.7, ആമിറാത്ത്, ബൗഷർ 48.6 ഡിഗ്രിസെൽഷ്യസുമായിരുന്നു താപനില. താപനില കുതിച്ചുയരുന്ന സഹാചര്യത്തിൽ വേണ്ട മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തൊഴിലാളികൾക്ക്
- ദാഹിക്കുന്നില്ലെങ്കിൽ പോലും പതിവായി വെള്ളം കുടിക്കുക (ഓരോ 15-20 മിനിറ്റിലും ഒരു കപ്പ്)
- കഫീൻ അടങ്ങിയതോ പഞ്ചസാര അടങ്ങിയതോ കാർബണേറ്റഡ് ആയതോ ആയ പാനീയങ്ങൾ ഒഴിവാക്കുക
- ഇളം നിറത്തിലുള്ള, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
- സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷിക്കാൻ രൂപകൽപന ചെയ്ത സംരക്ഷണ തൊപ്പികളോ ഹെൽമറ്റുകളോ ഉപയോഗിക്കുക
- തലകറക്കം അല്ലെങ്കിൽ ക്ഷീണം പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുത്
- ചൂടിന്റെ ഭാരം കുറക്കാൻ സഹായിക്കുന്നതിന് ലഘുവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക
- അസാധാരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സൂപ്പർവൈസറെ അറിയിക്കുക.
- രാവിലെയോ ഉച്ചകഴിഞ്ഞോ ആയാസകരമായ ജോലികൾ ഷെഡ്യൂൾ ചെയ്യുക
- ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ഉയർന്ന താപനില ഏൽക്കാൻ സാധ്യതയുള്ള നിർമാണസ്ഥലങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ജോലിചെയ്യരുത്
- തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ ഇടക്കിടെ ഇടവേളകൾ നൽകുക.
- ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ ഓരോ 45-60 മിനിറ്റിലും ഇടവേള അനുവദിക്കുക
- ഹൈഡ്രേഷൻ സപ്ലൈസ് ലഭ്യമാണെന്ന് ഉറപ്പാക്കുക
കൂളിങ്ങും വെന്റിലേഷനും
- ഇൻഡോർ വർക്ക് സ്പേസുകളിൽ എയർ കണ്ടീഷനിങ് യൂനിറ്റുകളോ ഫാനുകളോ സ്ഥാപിക്കുക
- ഔട്ട്ഡോർ സൈറ്റുകളിൽ മേലാപ്പുകളും പോർട്ടബിൾ ഫാനുകളും ഉപയോഗിക്കുക.
തൊഴിലുടമകൾക്ക്
- താപസമ്മർദ ലക്ഷണങ്ങൾ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും തൊഴിലാളികളെ പരിശീലിപ്പിക്കുക
- ജോലിസ്ഥലത്തെ താപനിലയും ഈർപ്പവും ദിവസവും നിരീക്ഷിക്കുക
- താപസമ്മർദ അടിയന്തര പ്രതികരണത്തിനായി അടിയന്തര പദ്ധതി നടപ്പാക്കുക
- ഉയർന്ന അപകടസാധ്യതയുള്ള തൊഴിലാളികളെ തിരിച്ചറിയുക
- പ്രമേഹം, ഹൃദ്രോഗം അല്ലെങ്കിൽ ഡൈയൂററ്റിക്സ് കഴിക്കുന്നവർ പോലുള്ളവർക്ക് പ്രതിരോധ നടപടികളിൽ മുൻഗണന നൽകുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.