ഹുർമുസ് കടലിടുക്കിൽ ഒമാൻ താൽക്കാലിക ഇടനാഴിയൊരുക്കും
text_fieldsമസ്കത്ത്: അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഹുർമുസ് കടലിടുക്കിൽ പുതിയ നീക്കവുമായി ഒമാൻ. കപ്പലുകളുടെ സുരക്ഷിത യാത്രക്കായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി (ഐ.എം.ഒ) സഹകരിച്ച് ഒരു താൽക്കാലിക സമുദ്ര ഇടനാഴി ഒരുക്കാൻ ഒമാൻ നടപടികൾ ആരംഭിച്ചു. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ കടൽ നിയമ ഉടമ്പടിയും പാലിച്ചുകൊണ്ട്, ലോകത്തെ ഏറ്റവും സങ്കീർണ്ണമായ കപ്പൽപാതയിലൂടെയുള്ള ഊർജ-വ്യാപാര ചരക്കുനീക്കം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഒമാന്റെ നടപടി. അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ ചർച്ചകളുടെയും ധാരണകളുടെയും അടിസ്ഥാനത്തിലാണ് ഹുർമുസിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്. ഹുർമുസ് കടലിടുക്കിലൂടെ നികുതിരഹിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഒമാനും ഐ.എം.ഒയും ചേർന്ന് നിശ്ചയിച്ച താൽക്കാലിക പാത തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഈ പാത ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന കപ്പലുകൾ സുരക്ഷിത യാത്രക്കായി ഐ.എം.ഒയുമായി മുൻകൂട്ടി ബന്ധപ്പെടണം. ഈ ഇടനാഴിയിൽ പ്രത്യേക നികുതികളോ മറ്റ് നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രത്തെ ഐ.എം.ഒ. ജനറൽ സെക്രട്ടറി ആഴ്സീനിയോ ഡൊമിംഗസ് സ്വാഗതം ചെയ്തു. മാസങ്ങളായി ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് നാവികർക്കും ആഗോള വ്യാപാര മേഖലക്കും വലിയ ആശ്വാസമാണ് ഈ സമാധാന കരാറെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സംഘർഷത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട 14 നാവികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 11,000 നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഐ.എം.ഒ. അറിയിച്ചു. ഒമാൻ, ഇറാൻ, മറ്റ് തീരദേശ രാജ്യങ്ങൾ, യു.എസ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഈ വൻ ഒഴിപ്പിക്കൽ നടപടി നടപ്പാക്കുക. കപ്പൽ ഗതാഗത സുരക്ഷ പൂർണമായും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നാവികരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും ഐ.എം.ഒ. വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

