ലോജിസ്റ്റിക്സ് തസ്തികകളിൽ പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കാൻ ഒമാൻ
text_fieldsമസ്കത്ത്: ഭക്ഷ്യവിതരണ തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, മറ്റ് ലോജിസ്റ്റിക്സ് തസ്തികകളിൽ പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കാൻ ഒമാൻ ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ട്രക്ക് ഡ്രൈവർമാർ, വാട്ടർ ടാങ്കർ ഓപ്പറേറ്റർമാർ, ഭക്ഷ്യ വിതരണ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പ്രധാന ലോജിസ്റ്റിക്സ് തസ്തികകളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും നിർബന്ധിത പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടിയിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഒമാനികൾക്കുംപ്രവാസകൾക്കും ഇത് ബാധകമാണ്.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, തൊഴിൽ ശക്തിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, അംഗീകൃത പ്രഫഷണൽ മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലുകൾ പരിശീലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം. ഒമാനികൾക്കും പ്രവാസികൾക്കും വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ലോജിസ്റ്റിക്സ് മേഖലക്കുള്ള സെക്ടറൽ സ്കിൽസ് യൂനിറ്റിൽനിന്നാണ് പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടേണ്ടത്.
സെപ്റ്റംബർ ഒന്ന് മുതൽ ലൈസൻസില്ലാതെ ഒരു വർക്ക് പെർമിറ്റും നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. https://lssu.ola.om/sign-up എന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ലൈസൻസിങ് പ്രക്രിയ ഓൺലൈനായി പൂർത്തിയാക്കണം.
ലൈസൻസ് ആവശ്യമുള്ള തൊഴിലുകൾ
- റഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)
- വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)
- ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയിലർ)
- വേസ്റ്റ് ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവർ
- ഫുഡ് ഡെലിവറി റപ്രസന്റേറ്റീവ്
- ഫുഡ് ഡെലിവറി സൂപ്പർവൈസർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.