പാകിസ്താന്റെ വ്യോമ ഉപരോധം; കേരളത്തിൽനിന്നുള്ള ഗൾഫ് സർവിസുകളെ ബാധിച്ചേക്കില്ല
text_fieldsമസ്കത്ത്: കശ്മീർ ഭീകരാക്രമണത്തിന്റെ ബാക്കി ഭാഗമായി പാകിസ്താൻ ഏർപ്പെടുത്തിയ വ്യോമ ഉപരോധം കേരളത്തിൽ നിന്ന് ഒമാനുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവിസുകളെ ബാധിക്കില്ല. എന്നാൽ ഡൽഹി വഴിയുള്ള നിരവധി സർവിസുകളെ ബാധിക്കും. പാകിസ്താൻ വ്യോമ പാത ഒഴിവാക്കി വിമാനങ്ങൾ മാറി പറക്കുന്നത് ഇന്ധന ചെലവ് വർധിക്കാനും യാത്രസമയം കൂടാനും കാരണമാവും. കാർഗോ സർവിസുകളെയും പ്രതികൂലമായി ബാധിക്കും.
എന്നാൽ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽനിന്ന് മസ്കത്തിലേക്ക് പറക്കുന്ന വിമാനങ്ങളുടെ വ്യോമ പാത അറബിക്കടൽ വഴിയാണ്. അതിനാൽ കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള സർവിസുകളെ വ്യോമ ഉപരോധം ബാധിക്കില്ല. കേരളത്തിൽനിന്നുള്ള കാർഗോ സർവിസുകളെയും വ്യോമ പാത ബാധിക്കില്ല. എന്നാൽ ഡൽഹി വഴിയുള്ള എയർ കാർഗോ സർവിസുകൾ തടസ്സപ്പെടാനും സമയം വൈകാനും കാരണമാവും. അതോടൊപ്പം ഡൽഹി വഴിയുള്ള വിമാനങ്ങൾ അധിക സമയം എടുക്കുന്നത് കേരളത്തിൽനിന്നുള്ള ചില സർവിസുകളുടെ സമയ ക്രമത്തെ ബാധിക്കാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച രാത്രി മുതലാണ് പാകിസ്താൻ വ്യോമ പാത നിരോധനം നിലവിൽ വന്നത്. ഇതോടെ പാകിസ്താൻ വഴി പറക്കുന്ന എയർ ഇന്ത്യ, ഇന്റിഗോ എന്നീ വിമാന കമ്പനികൾക്ക് വൻ നഷ്ടമാണ് ഉണ്ടാവുക. ഡൽഹി വഴി സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെയും ഇന്റിഗോയുടെയും 1200 സർവിസുകളെ വ്യോമ പാത നിരോധം ബാധിക്കുമെന്ന് ഉറപ്പാണ്. ഈ വിമാനങ്ങളെല്ലാം പാകിസ്താൻ ഒഴിവാക്കി മറ്റു പാതയിലൂടെ സഞ്ചരിക്കേണ്ടി വരും. ഇത് വലിയ ഇന്ധന നഷ്ടത്തിനും സമയ നഷ്ടത്തിനും കാരണമാവും.
ഡൽഹിയിൽ നിന്നുള്ള മിഡിൽ ഈസ്റ്റിലേക്കുളള ചില വിമാനങ്ങൾ ഒരു മണിക്കൂർ വരെ വൈകാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി ഡൽഹിയിൽനിന്ന് അസർബൈജാനിലെ ബകുവിലേക്കുള്ള ഇൻഡിഗോ വിമാനം പാകിസ്താൻ വ്യോമ പാത ഒഴിവാക്കി ഗുജറാത്ത് വഴിയാണ് യാത്ര ചെയ്തത്. ഇവിടെനിന്ന് ഇറാൻ വഴിയാണ് അസർബൈജാനിലേക്കെത്തിയത്. ഇതിന് 5.43 മണിക്കൂറാണ് എടുത്തത്. എന്നാൽ ബുധനാഴ്ച രാത്രി പാകിസ്താൻ വ്യോമ പാത ഉപയോഗിച്ചുള്ള യാത്രക്ക് 5.05 മണിക്കൂറാണ് എടുത്തത്. നിലവിൽ അടുത്ത മാസം 23 വരെ വ്യോമ പാത നിരോധം തുടരുമെന്നാണ് അറിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.