ഫലസ്തീൻ: ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണയുമായി ഒമാനും ജപ്പാനും
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണം, ഗസ്സ പ്രതിസന്ധി എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കുവൈത്തിൽ നടന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരും ജാപ്പനീസ് വിദേശകാര്യ മന്ത്രിയും തമ്മിലുള്ള തന്ത്രപരമായ സംഭാഷണത്തിന്റെ രണ്ടാം സംയുക്ത മന്ത്രിതല യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. നിലവിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ.
ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തൽ, ഗസ്സ മുനമ്പിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കൽ, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച പൊതുവായ നിലപാട് ഇരുപക്ഷവും സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഇരുവരും അടിവരയിട്ട് വ്യക്തമാക്കി.
പരസ്പര താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു മന്ത്രിമാരും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഏകോപനം നിലനിർത്തുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
യോഗത്തിൽ ഇരുവിഭാഗങ്ങളിൽനിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.