ഈന്തപ്പനകളിലെ കീടബാധ നിയന്ത്രണം ദാഹിറയിൽ ഫലപ്രദം
text_fieldsഈത്തപ്പഴ കൃഷി നശിപ്പിക്കുന്ന പുഴുവിനെതിരെ നടത്തിയ കാമ്പയിനിൽനിന്ന്
മസ്കത്ത്: രാജ്യത്തെ പ്രധാന ഭക്ഷ്യ ഉൽപന്നങ്ങളിലൊന്നായ ഈത്തപ്പഴ കൃഷിയെ നശിപ്പിക്കുന്ന ചുവന്ന ഈന്തപ്പന കീടങ്ങളെയും ചെറുപ്രാണികളെയും നിയന്ത്രിക്കുന്ന കാമ്പയിൻ ദാഹിറ ഗവർണറേറ്റിൽ ഫലം കാണുന്നു. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ഗവർണറേറ്റിൽ കീടബാധയിൽ കുറവ് രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നിയന്ത്രണസംഘങ്ങൾ 601പുതിയ ആക്രമണങ്ങൾ കൈകാര്യം ചെയ്തു. ഏപ്രിലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -217. അതിൽ 171 ഈന്തപ്പനകൾക്ക് ചികിത്സ നൽകി. 46 എണ്ണം നീക്കം ചെയ്തു. മേയിൽ കേസുകൾ 203 ആയി കുറഞ്ഞു (170 ചികിത്സ, 33 നീക്കം ചെയ്തു). ജൂണിൽ 181 കേസുകളായി കുറഞ്ഞു(153 ചികിത്സ, 28 നീക്കം ചെയ്തു).
സാങ്കേതിക ഇടപെടലുകളുടെയും ബോധവത്കരണ കാമ്പയിനുകളുടെയും ഫലപ്രാപ്തിയെയാണ് സ്ഥിരമായ കുറവ് പ്രതിഫലിപ്പിക്കുന്നതെന്ന് ദാഹിറയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസ് അധികൃതർ വ്യക്തമാക്കി. അണുബാധകൾ നേരത്തേ കണ്ടെത്തുന്നതിനായി ഫീൽഡ് ടീമുകൾ കർഷകരുമായി പരിശോധനകൾ, ചികിത്സകൾ, ബോധവത്കരണ മീറ്റിങ്ങുകൾ എന്നിവ നടത്തുന്നുണ്ടെന്ന് കാർഷിക വികസന വകുപ്പ് ഡയറക്ടർ എൻജിനീയർ സലേം ബിൻ മുസാബ അൽ കൽബാനി പറഞ്ഞു. വീട്ടുപറമ്പുകളുടെ സർവേകൾ ശക്തമാക്കിയതും കമ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തിയതും കീടങ്ങളുടെ വ്യാപനം കൂടുതൽ തടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ഫാമുകളിലെ 86 പനകൾക്ക് ചുവന്ന ഈന്തപ്പന കീടങ്ങളുടെ ആക്രമണം ഉണ്ടായപ്പോൾ ഡയറക്റേറ്റിൽനിന്ന് മികച്ച സാങ്കേതിക പിന്തുണയാണ് ലഭിച്ചതെന്ന് ഇബ്രിയിൽനിന്നുള്ള കർഷകനായ ഹംദാൻ ബിൻ സലിം അൽ മന്ദാരി പറഞ്ഞു. പരിശീലന വർക് ഷോപ്പുകൾ, കീടനാശിനി വിതരണം, ഡയറക്ടറേറ്റിന്റെ ടീമുകളുടെ പതിവ് ഫീൽഡ് സന്ദർശനങ്ങൾ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യമുള്ള ദേശീയ വിഭവമായ ഈന്തപ്പനകളെ സംരക്ഷിക്കുന്നതിൽ സംയുക്ത ശ്രമങ്ങൾ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളം ഈന്തപ്പനകളെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ദ്രുത പ്രതികരണ സംവിധാനങ്ങൾ, സാങ്കേതിക പിന്തുണ, ബോധവത്കരണ കാമ്പയിനുകൾ എന്നിവ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.