സമ്പത്തുകാലത്ത് തൈ പത്തു െവച്ചാൽ...
text_fieldsഇടത്തരം പ്രവാസികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികകാര്യങ്ങളിലെ അറിവ് തുലോം തുച്ഛമാണ്. എന്നാൽ വിദ്യാഭ്യാസപരമായി ഉയർന്ന നിലയിലുള്ളവരും സാമ്പത്തികവിദ്യാഭ്യാസത്തിൽ (ഫിനാൻഷ്യൽ ലിറ്ററസി) വളരെ പിറകിലാണെന്നത് എനിക്ക് വ്യക്തിപരമായി അറിയാം. ഇതുകൊണ്ട് ഇരുകൂട്ടർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ ജീവിതത്തിൽ ഏറക്കുറെ ഒന്ന് തന്നെയാണ്. സാമ്പത്തികവിനിയോഗത്തിലുള്ള അജ്ഞത ജീവിതത്തിന്റെ നാനാതുറകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്. ഒരുപക്ഷേ ജീവിതസായാഹ്നങ്ങളിലായിരിക്കും ഇത് ബോധ്യപ്പെടുക. ഇതിന് തീർച്ചയായും പരിഹാരമുണ്ട്. ‘സമ്പത്തുകാലത്ത് തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കായ് പത്തുതിന്നാം’ എന്നതാണ് പ്രമാണം.
സമ്പാദിക്കുക എന്നുള്ളത് മിക്കവാറും പേർക്കും ഏറ്റവും ദുഷ്കരമാണ്. അതിനുവേണ്ടി ഒരായിരം ഒഴികഴിവുകൾ കണ്ടെത്തും. എന്നിട്ട് സ്വയം സമാധാനിക്കും, അടുത്തമാസം മുതൽ കർശനമായും ചെറിയ ഒരു തുക സമ്പാദിക്കാമെന്ന്. ഈ അടുത്ത മാസം പിന്നീട് മറ്റൊരു അടുത്തമാസത്തേക്ക് നീട്ടിവെക്കപ്പെടും. ഇതിന് പല കാരണങ്ങൾ ഉണ്ട്. സാമ്പത്തിക ഞെരുക്കം, സാമ്പത്തിക അച്ചടക്കമില്ലായ്മ, തീരുമാനം നീട്ടിവെക്കൽ, പെട്ടെന്നുണ്ടാകുന്ന ചെലവുകൾ, ലോണുകളുടെ തിരിച്ചടവ്, െക്രഡിറ്റ് കാർഡ് വായ്പകൾ എന്നിവ ഇതിൽ പ്രധാനമാണ്.
റിട്ടയർമെന്റ് പ്ലാനിങിനെപ്പറ്റിയുള്ള അറിവില്ലായ്മ, എങ്ങനെ സമ്പാദിക്കണം, എത്രമാത്രം സമ്പാദിക്കണം, എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണം തുടങ്ങി നിരവധി കാര്യങ്ങൾ ശരിയായി അറിയേണ്ടതുണ്ട്. ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി നിക്ഷേപങ്ങൾ, കടപ്പത്രങ്ങൾ, ഗവൺമെന്റ് ബോണ്ടുകൾ, ചിട്ടികൾ, ഇൻഷുറൻസ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം(എസ്.സി.എസ്.എസ്), നാഷനൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്), സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ്, ക്രിപ്റ്റോ എന്നിങ്ങനെ ഒരു വലിയ ഒരു നിക്ഷേപനിര തന്നെയുണ്ട്.
ഓരോരുത്തരുടെയും പ്രായം, വരുമാനം, റിസ്ക് എടുക്കാനുള്ള കഴിവ്, സമ്പാദ്യത്തിന്റെ പ്രധാന ആവശ്യം, മുൻഗണന, കാലാവധി, നിക്ഷേപത്തിന്റെ സുരക്ഷ എന്നിവയൊക്കെ അനുസരിച്ച് മേൽപറഞ്ഞ നിക്ഷേപങ്ങൾ ആനുപാതികമായി തെരഞ്ഞെടുക്കാം. ഇതിനെപ്പറ്റിയുള്ള ഒരു ഏകദേശ അറിവ് തീർച്ചയായും സാമ്പത്തിക ഭദ്രത ഉറപ്പാക്കും എന്നതിൽ സംശയം വേണ്ട. നിക്ഷേപം എത്ര ചെറിയ തുകയായാലും കൃത്യമായ ഇടവേളകളിൽ നടത്തുകയാണ് പ്രധാനം. എന്റെ വ്യക്തിപരമായ അനുഭവത്തിൽ, സേവ് ചെയ്യാൻ പണമില്ല എന്ന് പറയുന്ന പലരും നാട്ടിൽ അരങ്ങേറുന്ന നിക്ഷേപതട്ടിപ്പുകൾ, പാതിവില തട്ടിപ്പ്, സ്വർണ നിക്ഷേപ പദ്ധതികളിലുള്ള തട്ടിപ്പുകൾ എന്നിവക്ക് ഇരയാകുന്നുവെന്നതാണ് വാസ്തവം.
വായ്പ എടുക്കുന്നതും നടത്തിപ്പും, ലൈഫ് ഇൻഷുറൻസ്, ആരോഗ്യ, അപകട ഇൻഷുറൻസ്, ബാങ്ക് നോമിനേഷൻ, െക്രഡിറ്റ് സ്കോർ, ആദായനികുതി തുടങ്ങിയവയിലും ഒരു സാമാന്യബോധം ആവശ്യമാണ്. ഇത്തരം കാര്യങ്ങളിലുള്ള അറിവുകൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനൊപ്പം ഈ മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും നിങ്ങളെ രക്ഷിക്കും എന്നതിൽ സംശയം വേണ്ട. സമ്പാദ്യശീലത്തിനൊപ്പം വായ്പകൾ എടുക്കുന്നതിൽ അച്ചടക്കവും ആവശ്യമാണ്. ആവശ്യത്തിനും അല്ലതെയും ലോണുകൾ എടുക്കുന്നതിൽ പ്രവാസികൾ ഒട്ടും പിറകിലല്ല. ലോണുകളുടെ ബാഹുല്യം സമ്പാദ്യത്തെ ദോഷകരമായി ബാധിക്കും. സ്വസ്ഥമായ റിട്ടയർമെൻറ് ജീവിതം ആഗ്രഹിക്കുന്നവർ സമ്പാദ്യത്തോടൊപ്പം വായ്പകൾ മാനേജ് ചെയ്യുന്നതിലും അറിവും ജാഗ്രതയും വേണം. മേൽപറഞ്ഞ കാര്യങ്ങൾ ആറുഭാഗങ്ങളിലായി എല്ലാ ഞായറാഴ്ചകളിലുമായി ‘ഗൾഫ് മാധ്യമം’ പത്രത്തിൽ എഴുതാം. വായനക്കാരുടെ ന്യായമായ എല്ലാ സംശയങ്ങൾക്കും കഴിവതും മറുപടി തരാമെന്ന് ഉറപ്പുപറയുന്നു.
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.