നിയന്ത്രണമില്ലാതെ സ്കൂൾ ഫീസ്, പാഠപുസ്തക വിലവർധന; പരാതി നൽകാനെത്തിയ രക്ഷിതാക്കളെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ തടഞ്ഞതായി പരാതി
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ ഫീസ് വർധനവ് പിൻവലിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുമായി പരാതി നൽകാനെത്തിയ രക്ഷിതാക്കളെ സ്കൂളിൽ തടഞ്ഞതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം എസ്.എം.സി മീറ്റിങ് തുടങ്ങാനിരിക്കെയാണ് നൂറോളം രക്ഷിതാക്കൾ പരാതി സമർപ്പിക്കാനായി സ്കൂൾ അങ്കണത്തിലെത്തിയത്. എഴുതി തയാറാക്കിയ പരാതിയുമായി എത്തിയ രക്ഷിതാക്കളിൽനിന്ന് പരാതി കേൾക്കാൻ പോലും മാനേജ്മെന്റ് കമ്മിറ്റി തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
ന്യായമായ തങ്ങളുടെ ആവശ്യം കേൾക്കാതെ പിരിഞ്ഞുപോകില്ല എന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിന്നതോടെ ഒരു മണിക്കൂറോളം പുറത്തുനിർത്തിയ ശേഷം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ചർച്ചക്കെത്തിയെങ്കിലും മോശം പെരുമാറ്റമാണുണ്ടായതെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.
പാഠപുസ്തകങ്ങളുടെ വില പുനഃപരിശോധിച്ച് യുക്തിസഹമാക്കണമെന്ന ആവശ്യമാണ് പ്രധാനമായും രക്ഷിതാക്കൾ ഉന്നയിച്ചത്. ഓരോ വർഷവും അന്യായമായ രീതിയിലാണ് ടെക്സ്റ്റ് ബുക്കുകളുടെ വില വർധിപ്പിക്കുന്നതെന്നും പ്രധാന വിഷയം പോലുമല്ലാത്ത ഏഴാം തരത്തിലെ കമ്പ്യൂട്ടർ പുസ്തകത്തിന് മാത്രം എട്ട് ഒമാനി റിയാൽ ഈടാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വർധിപ്പിച്ച സ്കൂൾ ഫീസ് പുനഃപ്പരിശോധിക്കുകയും വർധനവിന് വ്യക്തമായ വിശദീകരണം നൽകുകയും വേണമെന്നും ആവശ്യപ്പെട്ടു. പ്രാദേശികവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങൾ പരിഗണിച്ച് അക്കാദമിക് കലണ്ടർ പുനഃപരിശോധിക്കുക, വിദ്യാർഥികളുടെ ക്ഷേമം മുൻനിർത്തി സ്കൂൾ സമയം ദീർഘിപ്പിച്ചത് പുനഃപരിശോധിച്ച് യുക്തിസഹമാക്കുക, ശനിയാഴ്ച ക്ലാസുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുക, സാമ്പത്തിക കാര്യങ്ങളിൽ പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, ഫണ്ടുകളുടെ ഉപയോഗത്തിൽ നൈതിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക മുതലായ ആവശ്യങ്ങളാണ് രക്ഷിതാക്കൾ ഉന്നയിച്ചത്. കൂടാതെ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമായി പ്രളയ ബാധിതർക്കായി പിരിച്ച സംഖ്യ വകമാറ്റി ചെലവഴിക്കുന്നതിലെ അനീതിയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
ഒട്ടും ശാസ്ത്രീയമല്ലാതെയും ഒരു പഠനവും നടത്താതെയും സ്കൂൾ അധികൃതരും ബോർഡും നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വിദ്യാർഥികളെ പ്രയാസപ്പെടുത്തുകയാണ്. വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് രക്ഷിതാക്കളെ കേൾക്കാൻ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് തയാറായത്. പരാതി വായിച്ചു കേൾപ്പിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് രക്ഷിതാക്കൾ സൂചന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

