ഒമാനിൽ വിവിധയിടങ്ങളിൽ വെളളിയാഴ്ച പുലർച്ചെ മുതൽ മഴയെന്ന് മുന്നറിയിപ്പ്
text_fieldsമസ്‌കത്ത്: ഒമാനിൽ മസ്കത്തടക്കം വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ചയും മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം, തുടർച്ചയായ മഴ ലഭിച്ച കഴിഞ്ഞ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി സുൽത്താനേറ്റിൽ മിക്കയിടങ്ങളിലും വ്യാഴാഴ്ച പകൽ അന്തരീക്ഷം തെളിഞ്ഞുനിന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ രാത്രി 10 വരെ മഴ തുടരുമെന്നാണ് വ്യാഴാഴ്ച ഉച്ചയോടെ പുറപ്പെടുവിച്ച മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും മിതമായ മഴ മുതൽ ശക്തമായ മഴ വരെ ലഭിച്ചേക്കും. ആരംഭ പ്രത്യാഘാതം മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, അദ്ദാഹിറ, അദ്ദാഖിലിയ ഗവർണറേറ്റുകളിലാണ് ആദ്യം മഴ പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് അത് മസ്‌കത്ത്, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ്യ, അൽ വുസ്ത എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
മഴക്കൊപ്പം ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നു. മഴമൂലം വാദികളിലും താഴ്വരകളിലും അപ്രതീക്ഷിത പ്രളയങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതായും ചില വാദികളിൽ വൻ കുത്തൊഴുക്ക് സൃഷ്ടിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 37 മുതൽ 93 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും പ്രതീക്ഷിക്കുന്നു. കാറ്റിലും മഴയിലും കാഴ്ചയുടെ ദൂരപരിധി കാര്യമായി കുറയാമെന്നും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ ഇടവിട്ട മഴ ലഭിക്കുമെന്നും ചിലപ്പോൾ ആലിപ്പഴ വർഷവുമുണ്ടാകാമെന്നുമാണ് പ്രവചനം.
കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലെ വിവിധ മേഖലകളിൽ മഴ തിമിർത്തു പെയ്തപ്പോഴും ദോഫാറിൽ കാര്യമായ മഴയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ തുടർന്ന് ഇസ്കി -ഫർഖ് റോഡിലെ ഗതഗാതം തടസ്സപ്പെട്ടതായി അടിയന്തര മാനേജ്മെന്റ് ശേദീയ കമ്മിറ്റി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെഈ റൂട്ടിൽ പോകേണ്ടവർ സുൽത്താൻ തുവൈനി ബിൻ സഈദ് റോഡ് വഴിയാണ് യാത്ര ചെയ്യേണ്ടതെന്ന് അധികൃതർ വാഹനയാത്രികരോട് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

