ദോഫാറിലെ റോഡ് നിർമാണം അതിവേഗം പുരോഗമിക്കുന്നു
text_fieldsദോഫാറിൽ നിർമാണം പുരോഗമിക്കുന്ന റോഡുകൾ
സലാല: ദോഫാറിലെ റോഡ് നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ആധുനിക നിർമ്മാണ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിലും, ഗവർണറേറ്റുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിലും, സാമ്പത്തിക, സാമൂഹിക, ടൂറിസം പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിലുമുള്ള പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി ഘട്ടങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക എൻജിനീയർ സഈദ് ഹമൂദ് അൽ മാവാലി ഒമാൻ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രീ-കാസ്റ്റ് കോൺക്രീറ്റ് അച്ചുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ മന്ത്രാലയം ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിർവഹണ നിലവാരം മെച്ചപ്പെടുത്തുന്നതിനും പൂർത്തീകരണത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. 33 കിലോമീറ്റർ നീളമുള്ളതും നിലവിൽ 10 ശതമാനം പൂർത്തിയായതുമായ സലാലയിലെ ററൈസുത്-മുഗ്സൈൽ റോഡ് പദ്ധതി ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ധാൽകൂത്തിലെ സർഫൈത്ത് അതിർത്തി ക്രോസിങ്ങ് വരെ നീളുന്ന റോഡുമായും സലാല നഗര കേന്ദ്രവുമായും ബന്ധിപ്പിക്കുന്നതിന് പുറമേ, എട്ട് ഓവർപാസുകളുടെയും അണ്ടർപാസുകളുടെയും മൃഗ ക്രോസിങ്ങുകളുടെയും രണ്ട് റൗണ്ട് എബൗട്ടുകളുടെയും നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഡ്യുവൽ കാരിയേജ് വേയായ 875 കിലോമീറ്ററിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് പദ്ധതിക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഏകദേശം 400 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഭാഗങ്ങളുടെ പണികൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈമ, മക്ഷിൻ വിലായത്ത് വരെ 132.5 കിലോമീറ്റർ നീളമുള്ള മൂന്നാം വിഭാഗത്തിൽ പൂർത്തീകരണ നിരക്ക് 10.2 ശതമാനമെത്തിയിട്ടുണ്ട്. മഖ്ഷിൻ മുതൽ ദുകവരെ 135 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നാലാം വിഭാഗത്തിൽ 3.82 ശതമാനവും ദുഖ മുതൽ തുംറൈത്ത് വിലായത്ത് വരെ 132.5 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള അഞ്ചാം വിഭാഗത്തിൽ 3.09 ശതമാനവുമാണ് പൂർത്തീകരണ നിരക്ക്.
സലാലയിലെ ആഭ്യന്തര റോഡുകൾ ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതികൾ നല്ല വേഗതയിൽ പുരോഗമിക്കുകയാണ്. അൽ സാദ പ്രദേശത്തെ സുൽത്താൻ തൈമൂർ സ്ട്രീറ്റിന്റെ 6.8 കിലോമീറ്റർ വിസ്തൃതിയിലുള്ള ഇരട്ടിപ്പിക്കലിന്റെ പൂർത്തീകരണ നിരക്ക് 57 ശതമാനത്തിലെത്തി. 7.6 കിലോമീറ്റർ വിസ്തൃതിയിലുള്ള അൽ ഫാറൂഖ് സ്ട്രീറ്റിന്റെ ഇരട്ടിപ്പിക്കലിന്റെ പൂർത്തീകരണ നിരക്ക് 62 ശതമാനവുമായി. ഈ പദ്ധതികൾ നഗര, സാമ്പത്തിക വളർച്ചയെ പിന്തുണക്കുകയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
അൽ മസ്യൂ വിലായത്തിലെ 210 കിലോമീറ്റർ വരുന്ന ഹർവീബ്-അൽ മസ്യൂന-മീത്തൻ റോഡ് പദ്ധതി 72 ശതമാനം പൂർത്തിയായി. 10 കിലോമീറ്റർ ദൈർഘ്യമുള്ള അന്ദാത്ത്-ഹിബ്രൂട്ട് റോഡിന്റെ കല്ലിടൽ കൂടാതെ നാല് പ്രധാന ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയാബത്തുകൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും സാമ്പത്തിക, ടൂറിസം വികസനത്തിനും പിന്തുണ നൽകുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഖ്ഷിൻ വിലായത്തിലെ ആസ്ഫാൽറ്റ് നെറ്റ്വർക്ക് പദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 170 കിലോമീറ്റർ നീളമുള്ള പാതയുടെ 66 ശതമാനം പൂർത്തിയായെന്നും മന്ത്രി വിശദീകരിച്ചു. നാല് പ്രധാന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇത് 2026 ജൂണിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 46 കിലോമീറ്റർ ദൈർഘ്യമുള്ള തുംറൈത്തിലെ സീഹ് അൽ ഖീരത്ത്-അൽ ഷിസാർ റോഡിന്റെ പൂർത്തീകരണ നിരക്ക് 12.3 ശതമാനമാണെന്നും മാവാലി പറഞ്ഞു. നജ്ദ് കാർഷിക മേഖലയിലെ വികസന ഓഫിസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വർഷം ഒക്ടോബറിൽ ഇത് പൂർത്തീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.