അത് വ്യാജ അക്കൗണ്ടാണേ, തലവെക്കേണ്ട...
text_fieldsമസ്കത്ത്: ട്രാഫിക് വകുപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക്കിന്റെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷടിച്ചിരിക്കുന്നത്. ഇത് വ്യാജമാണെന്നും ഡയറക്ടറേറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ആർ.ഒ.പി പ്രസ്താവനയില്‍ പറഞ്ഞു. അക്കൗണ്ടുമായി ഇടപഴകുകയോ അതുവഴി ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ഔദ്യോഗിക ചാനലുകള്‍ മാത്രം പിന്തുടരണമെന്നും പൗരന്മാരോടും താമസക്കാരോടും പൊലീസ് അഭ്യർഥിച്ചു.
പരാതികളും റിപ്പോര്‍ട്ടുകളും സ്വീകരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെതിരെയും പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ വെബ്സൈറ്റ് വഴി പൗരന്മാരും താമസക്കാരും തട്ടിപ്പിനിരയായതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോയല്‍ ഒമാന്‍ പൊലീസ് കുറ്റാന്വേഷണ വിഭാഗം ജാഗ്രത നല്‍കിയിരിക്കുന്നത്.
ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത, ബാങ്കിങ് വിവരങ്ങള്‍ തട്ടിയെടുക്കാനാണ് ഇത്തരം വ്യാജ അക്കൗണ്ടുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ആര്.ഒ.പി പറഞ്ഞു. ജാഗ്രത പാലിക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടരുതെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുമ്പോഴോ പൊലീസ് സേവനങ്ങള്‍ ആക്സസ് ചെയ്യുമ്പോഴോ ഔദ്യോഗികവും വിശ്വസനീയവുമായ ചാനലുകളെ മാത്രം ആശ്രയിക്കണം. നിര്‍ദ്ദേശങ്ങള്‍, പരാതികള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവക്കുള്ള ദേശീയ പ്ലാറ്റ്ഫോം വ്യക്തിഗത അല്ലെങ്കില്‍ ബാങ്കിങ് വിവരങ്ങള്‍ ആവശ്യപ്പെടാറില്ല. ഒരു സാഹചര്യത്തിലും അതിന് പണമടക്കലുകളോ ഫീസുകളോ ആവശ്യമില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.