ഫലസ്തീനിൽനിന്ന് അധിനിവേശ സേനയെ പൂർണമായും പിൻവലിക്കണം
text_fieldsറഷ്യൻ സന്ദർശനത്തിനിടെ സുൽത്താൻ ഹൈതം ബിൻ താരിഖും പ്രസിഡന്റ് വ്ലാഡ്മിർ പുടിനും
മസ്കത്ത്: ഗസ്സ മുനമ്പിൽനിന്നും മറ്റു എല്ലാ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നും അധിനിവേശ സേനയെ പൂർണമായും പിൻവലിക്കണമന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ആവശ്യപ്പെട്ടു. സുൽത്താന്റെ റഷ്യൻ സന്ദർശനത്തന്റെ ഭാഗമായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര നിയമത്തെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും പൂർണമായി മാനിച്ച്, സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും കീഴിൽ, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും പറഞ്ഞു.
ഗസ്സ മുനമ്പിലെ ദാരുണമായ സാഹചര്യത്തിൽ ഇരു നേതാക്കളും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. അടിയന്തരവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കുക, സാധാരണക്കാർക്ക് മാനുഷിക സഹായം അടിയന്തരമായി എത്തിക്കുക, പുനഃനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക, കുടിയിറക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരിക എന്നിവ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഒമാനും റഷ്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, പരസ്പര സഹകരണത്തിന്റെ വിവിധ മേഖലകളിലെ നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചതിനെയും, സംയുക്ത സാമ്പത്തിക സമിതി സ്ഥാപിക്കുന്നതിനെയും, ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രവേശന വിസകളിൽ പരസ്പര ഇളവ് നൽകുന്നതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.
സമീപകാലങ്ങളിൽ ഉഭയകക്ഷി ബന്ധങ്ങളിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. ആ നേട്ടങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെയും സഹകരണവും പങ്കാളിത്തവും വിശാലവും ആഴമേറിയതുമായ തലങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു.
പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്യുകയും വികസനത്തിന് സുപ്രധാനമെന്ന് കരുതുന്ന വിവിധ മേഖലകളിൽ ഒമാനും റഷ്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
സംയുക്ത നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും സഹകരണ പരിപാടികളുടെ തുടർനടപടികൾക്കായി ഇരു രാജ്യങ്ങളിലെയും പ്രസക്തമായ സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയവും സന്ദർശന വിനിമയവും ശക്തമാക്കുന്നതിന്റെയും പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണണം ഊട്ടിയുറപ്പിച്ചും ബന്ധം ശക്തപ്പെടുത്തിയും രണ്ടു ദിവത്തെ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് സുൽത്താൻ മസ്കത്തിൽ തിരിച്ചെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.