കണ്ണൂർ യാത്രക്കാർക്ക് തിരിച്ചടി; മസ്കത്തിൽ നിന്നുള്ള 'ഇൻഡിഗോ' സർവീസ് നിർത്തുന്നു
text_fieldsഇൻഡിഗോ വിമാന സർവീസ്
മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാന സർവീസ് നിർത്തുന്നു. ആഗസ്റ്റ് 23വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ഇതിനുശേഷം സർവീസ് ലഭ്യമല്ല എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. അതസേമയം, സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാൽ, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകി തുടങ്ങിയിട്ടുണ്ട്.
സീസൺ കഴിഞ്ഞതോടെ ഒമാൻ സെക്ടറിൽ യാത്രക്കാർ കുറയാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽ കണ്ടാണ് സർവീസ് നിർത്തുന്നത് എന്നാണ് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നത്. ഉത്തര മലബാറുകാരുടെ യത്രാ ദുരിതത്തിന് നേരീയ ആശ്വാസം പകർന്ന് കഴിഞ്ഞ മേയ് പകുതിയിലാണ് കണ്ണൂരിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ചത്. കണ്ണൂരിൽനിന്ന് അർധ രാത്രി 12.40ന് പുറപ്പെട്ട് പുലർച്ചെ 2.35ന് മസ്കത്തിലും ഇവിടെനിന്ന് പുലർച്ചെ 3.35ന് പുറപ്പെട്ട് കാലത്ത് 8.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലായിരുന്നു സർവീസ് ഉണ്ടായിരുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സർവീസുകൾ. ഏറെ കൃത്യതയോടെയുള്ള സേവനവും കുറഞ്ഞ ടിക്കറ്റ് നിരക്കും കാരണം ഉത്തര മലബാറിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു ഇൻഡിഗോ. നിലവിൽ എയർ ഇന്ത്യാ എക്സ്പ്രസ് കണ്ണുരിൽനിന്ന് സർവിസ് നടത്തുന്നുണ്ടെങ്കിലും റദ്ദാക്കലും യാത്ര വൈകലും അടക്കമുള്ള മുൻകാല അനുഭവങ്ങൾ കാരണം പലരും ടിക്കറ്റെടുക്കാൻ മടിച്ചിരുന്നു. ഇൻഡിഗോ സർവീസ് നിറുത്തുന്നതോടെ മസ്‌കത്ത്-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായി ഇനി ചുരുങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.