സലാലയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
text_fieldsമസ്കത്ത്: കോഴിക്കോട് ബാലുശ്ശേരി ശിവപുരം സ്വദേശി നൗഷാദ് മന്‍ഹാം (46) ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ സലാലക്കും മസ്കത്തിനും മധ്യേ നിമിര്‍ എന്ന സ്ഥലത്താണ് അപകടം. ഒപ്പമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിയും മരിച്ചു. സ്ക്രാപ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നൗഷാദും ബംഗ്ളാദേശ് സ്വദേശികളായ സുഹൃത്തുക്കളും മോക്ക എന്ന സ്ഥലത്തേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുമ്പോഴാണ് അപകടം. രണ്ടു വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചത്. നൗഷാദ് സഞ്ചരിച്ച പ്രാഡോ ടയര്‍ പൊട്ടി മറിയുകയായിരുന്നു. ബംഗ്ളാദേശ് സ്വദേശി തല്‍ക്ഷണം മരിച്ചു. നൗഷാദിനെ റിമ എന്ന സ്ഥലത്തെ ഹെല്‍ത്ത് സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മുമ്പേ പോയവര്‍ മോക്ക എത്താറായപ്പോഴാണ് അപകടവിവരം അറിയുന്നത്. മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ ഹൈമ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നാലു ബംഗ്ളാദേശികളെയും ഹൈമ ആശുപത്രിയിലേക്ക് മാറ്റി. 2004 മുതല്‍ സലാലയിലുള്ള നൗഷാദ് സനാഇയയിലാണ് താമസിക്കുന്നത്. നേരത്തേ കുടുംബം ഇവിടെയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. ശിവപുരം സ്വദേശിയായ നൗഷാദ് ഇപ്പോള്‍ ബാലുശ്ശേരിയിലാണ് താമസം. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലത്തെി കഴിഞ്ഞ ജനുവരി 25നാണു സലാലയിലേക്ക് മടങ്ങിയത്.
ശിവപുരം മഞ്ഞമ്പ്രക്കണ്ടി പരേതനായ അമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റഹ്മത്ത് (കപ്പുറം). മക്കള്‍: റന ഫാത്തിമ (വിദ്യാര്‍ഥിനി, ബാലുശ്ശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ഹംന ഫാത്തിമ, സന ഫാത്തിമ (ഇരുവരും കപ്പുറം ഡോണ്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍), ഹയാന്‍ നൗഷാദ് (രണ്ട് വയസ്സ്).
സഹോദരങ്ങള്‍: അബ്ദുല്ല മന്‍ഹാം (അല്‍ ജാമിഅ$ ശാന്തപുരം), റുഖിയ (എളേറ്റില്‍ വട്ടോളി), ജമീല വള്ളിയോത്ത് (അധ്യാപിക, തലശ്ശേരി ശിവപുരം ഹൈസ്കൂള്‍), സഈദ (തിരുത്തിയാട്), റാശിദ (എകരൂല്‍), ഹാമിദലി ശിവപുരം (ഗാലക്സി ടയേര്‍സ് ബാലുശ്ശേരി മുക്ക്), സുബൈദ നന്മണ്ട (അധ്യാപിക, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍), ഹാജറ (ചാത്തമംഗലം), പരേതനായ മുഹമ്മദലി. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ സലാലയില്‍ ഖബറടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.