സലാല ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം 12ന്
text_fieldsഐ.എസ്.സി സലാല മലയാള വിഭഗത്തിന്റെ ഓണാഘോഷ പരിപാടികൾ എക്സ്ക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 12ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് മലയാള വിഭാഗം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ക്ഷണിതാക്കൾക്കുമായി നടക്കുന്ന ഓണ സദ്യയായിരിക്കും മുഖ്യ ആകർഷണം.
അന്നേ ദിവസം രാവിലെ മുതൽ ക്ലബ് അങ്കണത്തിൽ വിവിധ കലാകായിക മത്സരങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കും. നായിഫ് അഹമ്മദ് അൽഷൻഫരി മുഖ്യാതിഥിയാകും. മലയാള വിഭാഗം എല്ലാ വർഷവും വിപുലമായ തോതിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവ മത്സരങ്ങൾ ഒക്ടോബർ പത്ത് മുതൽ ആരംഭിക്കും.
ഒക്ടോബറിലെ മൂന്ന് വാരാന്ത്യങ്ങളിലായി സോഷ്യൽ ക്ലബിലെ മൂന്ന് വേദികളിലായി മത്സരങ്ങൾ പൂർത്തിയാക്കാനാണ് പരിപാടി. അഞ്ച് കാറ്റഗറികളിലായി 37 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട് . രജിസ്ട്രേഷന്റെ അവസാന തീയതി സെപ്‌റ്റംബർ 15 വരെ നീട്ടിയിട്ടുണ്ട്.
കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗ കൾചറൽ ഈവന്റ് ഒക്ടോബർ 31 നാണ് നടക്കുക. സാഹിത്യകാരൻ ആലങ്കോട് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാകും. കൾചറൽ പ്രോഗ്രാമിൽ സിനി ആർട്ടിസ്റ്റുകളായ ബിനു അടിമാലി, സുമേഷ് തമ്പി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൗസ് ഓഫ് എലൈറ്റ് റസ്റ്ററന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ കൺവീനർ ഷബീർ കാലടി, കോ കൺവീനർ ഷജിൽ കോട്ടായി, ട്രഷറർ സബീർ വണ്ടൂർ, ഒബ്‌സർവർ ഇൻ ചാർജ് ഡോ. രാജശേഖരൻ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, സുനിൽ നാരായണൻ, ശ്യാം മോഹൻ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.