സമ്പാദ്യ പദ്ധതികൾ: പ്രവാസികൾ വഞ്ചിതരാകാതിരിക്കുക
text_fieldsകഴിഞ്ഞ കുറെ ദിവസങ്ങളായി വരുന്ന പത്ര മാധ്യമ വാർത്തകൾ നാട്ടിൽ അരങ്ങേറുന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു കാര്യങ്ങളാണ്. ഇതിൽ കുടുങ്ങിയിരിക്കുന്നത് കൂടുതലും സാധാരണക്കാരായ പ്രവാസികളാണെന്നറിയുമ്പോൾ വലിയ ആശങ്ക തോന്നുന്നു.
കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുള്ള ആട്, മാഞ്ചിയം പോലുള്ള തട്ടിപ്പുകളിൽ നിന്നും നമ്മൾ പാഠം പഠിക്കുന്നില്ലല്ലോ എന്നതാണ് ദുഃഖകമായ കാര്യം. നിങ്ങൾക്ക് അറിയാവുന്നതുപോലെ പത്തനംതിട്ട ജില്ലയിൽ മാത്രം എത്ര സ്വകാര്യ ഫിനാൻസ്/ ചിട്ടി കമ്പനികളാണ് പ്രവാസികൾ ഉൾെപ്പടെയുള്ള ചെറുകിട നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങിയത്. മറ്റു ജില്ലകളിലെ കാര്യവും, വിഭിന്നമല്ല. തൃശൂർ ജില്ലയിൽ ഈ അടുത്ത് നടന്ന തട്ടിപ്പിൽ ഇരകൾ ഏറെയും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. നിക്ഷേപങ്ങൾ മാത്രമല്ല, ചിട്ടി, സ്വർണ സമ്പാദ്യ പദ്ധതി, ഷെയർ മാർക്കറ്റിലെ നിക്ഷേപം, പകുതി വില പദ്ധതികൾ, ഇങ്ങനെ പോകുന്നു തട്ടിപ്പുകളുടെ ഒരു ശൃംഖല കേരളത്തിൽ.
എന്താണിതിനു കാരണം
നാട്ടിൽ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടെന്നുന്നുള്ളു വാസ്തവമാണ്. സാധാരണക്കാരുടെ, പ്രത്യേകിച്ചും പ്രവാസികളുടെ അത്യാഗ്രഹമാണ് ഇതിനു പ്രധാന കാരണം. പെട്ടെന്ന് പണക്കാരാകാൻ വേണ്ടി കുറുക്കു വഴികൾ തേടുന്നു. ഭീമമായ പലിശ വാഗ്ദാനത്തിൽ കുടുങ്ങി മണലാരണ്യത്തിൽ ചോര നീരാക്കി ഉണ്ടാക്കുന്ന സമ്പാദ്യം നഷ്ടപ്പെടുന്ന അവസ്ഥ. ഇരുപത്തി നാലും, മുപ്പത്തി ആറും ശതമാനം പലിശ വാഗ്ദാനം ചെയ്യുമ്പോൾ, ഇത്രയും ഉയർന്ന പലിശ അവർ എങ്ങനെ തരും എന്നതിനെപ്പറ്റി ഒരു നിമിഷം ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
ഇത്തരം സ്ഥാപനങ്ങൾ ഗോൾഡ് ലോൺ, വാഹന വായ്പ, ഹയർ പർച്ചേസ് തുടങ്ങിയ വായ്പകൾക്ക് പരമാവധി പതിനഞ്ചു മുതൽ പതിനെട്ടു വരെ ശതമാനം പലിശയാണ് വാങ്ങുന്നത്. ആരും വീട്ടിൽനിന്നും പണം കൊണ്ടുവന്നു നിങ്ങൾക്ക് പലിശ തരില്ല എന്ന സാമാന്യ ബോധം നമ്മുടെ പ്രവാസികൾക്ക് ഇല്ല എന്ന് പറയാതെ വയ്യ. അതുപോലെ ഓഹരി നിക്ഷേപങ്ങളിലെ നിങ്ങളുടെ അറിവില്ലായ്മ അല്ലെങ്കിൽ അൽപം അറിവ് അവർ ഭംഗിയായി ദുരുപയോഗം ചെയ്യുന്നു.
എന്താണ് പരിഹാരം
പ്രവാസികൾ ജാഗരൂകരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ഒഴിവാകാം.
ഏറ്റവും പ്രധാനം, നിങ്ങളുടെ സമ്പാദ്യങ്ങൾ രാജ്യത്തെ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപങ്ങളിൽ നിക്ഷേപിക്കുക എന്നതാണ്. വരുമാനം കുറവാണെങ്കിലും മുതൽ ഭദ്രമാണല്ലോ. അത്യാവശ്യം വേണ്ട തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ച് ബാക്കി തുക നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു കാലാവധി നിക്ഷേപങ്ങളിൽ ഇടുക.
ഇനി വലിയ തുക സ്ഥിര നിക്ഷേപങ്ങൾ ഇടാൻ കഴിയാത്ത പ്രവാസികൾ റെക്കറിങ് ഡെപ്പോസിറ്റുകൾ (ആർ.ഡി) തുടങ്ങി മാസം തോറും ഒരു ചെറിയ തുക ദീർഘ കാലത്തേക്ക് തുടങ്ങിയാൽ സ്ഥിരം നിക്ഷേപത്തിന്റെ ഗുണങ്ങൾക്കൊപ്പം നിക്ഷേപം വളരുകയും ചെയ്യും. ആപത്ത് ഘട്ടങ്ങളിൽ അത്യാവശ്യം തുക വേണമെങ്കിൽ എടുക്കുകയും ചെയ്യാം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ അല്ലാത്ത സ്ഥാപനങ്ങളിൽ കഴിവതും നിങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാതിരിക്കുക. മറ്റു സമ്പാദ്യങ്ങളുടെ കൂടെ, കെ.എസ്.എഫ്.ഇ ചിട്ടികളിൽ അംഗങ്ങളായി സമ്പാദിക്കുന്നതും അഭികാമ്യമാണ്. പല കാരണങ്ങൾ കൊണ്ടും നാട്ടിലെ സഹകരണ സൊസൈറ്റികളിൽ പ്രവാസികൾക്ക് നിക്ഷേപം നടത്തേണ്ടതായി വരുന്നുണ്ട് . ഇത്തരം നിക്ഷേപത്തിന്റെ മാസ വരുമാനം കൃത്യമായി വാങ്ങണം. മുതലും പലിശയും അവസാനം വാങ്ങാം എന്ന ചിന്ത ഒഴിവാക്കുന്നത് നല്ല രീതിയാണ്.
അതുപോലെ ഇത്തരം സ്ഥാപനങ്ങളിൽ ദീർഘ കാല നിക്ഷേപങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. പല രീതിയിലുള്ള സ്വർണ സമ്പാദ്യ പദ്ധതികളിൽ കൈ പൊള്ളിയ ധാരാളം പ്രവാസികളുണ്ട്. അതുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണമെങ്കിൽ ഡിജിറ്റൽ ഗോൾഡ് (ഇ-ഗോൾഡ്) മാർഗം സ്വീകരിക്കാൻ ശ്രദ്ധിക്കുക. നാട്ടിൽ ഇതിനു ധാരാളം സൗകര്യങ്ങളുണ്ട് . കേന്ദ്ര സർക്കാർ സ്ഥാപനമായ മിനറൽസ് ആൻഡ് മെറ്റൽ ട്രേഡിങ്ങ് കോർപോർഷൻ ഓഫ് ഇന്ത്യയും പൽ എന്ന സ്വിറ്റ്സർലൻഡ് കമ്പനിയും ചേർന്ന് നടത്തുന്ന (എം.എം.ടി.സി-പി.എ.എൽ) 24 കാരറ്റ് സ്വർണം ഡിജിറ്റൽ ആയി വാങ്ങാം. ചെറിയ രീതിയിൽ ദീർഘ കാലത്തേക്ക് ഇതു നല്ല പദ്ധതിയാണ്. എപ്പോൾ വേണമെങ്കിലും നിലവിലെ 24 കാരറ്റ് സ്വർണത്തിന്റെ വിലക്ക് വിൽക്കുകയോ അല്ലെങ്കിൽ സ്വർണ ബിസ്കറ്റ് ആയോ അല്ലെങ്കിൽ ആഭരണമായോ അതുമല്ലെങ്കിൽ ഇതു മൂന്നും കൂടിയോ വ്യവസ്ഥകൾക്ക് വിധേയമായി തെരെഞ്ഞടുക്കാം.
ഉടനെ ആവശ്യമില്ലാത്ത തുക ചെറു നിക്ഷേപങ്ങൾ വഴി മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിക്കാവുന്നതാണ്. എത്ര ചെറിയ തുകയും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് (എസ്.ഐ.പി) വഴി നിക്ഷേപം നടത്തം. പൊതുവെ ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ചു കൂടുതൽ വരുമാനം കിട്ടാം . വളരെ ലളിതമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണിത്. കമ്പോളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതിന്റെ ലാഭ നഷ്ടത്തെ ബാധിക്കും എന്ന കാര്യംകൂടി മനസ്സിലാക്കണം .
ചുരുക്കത്തിൽ ബാങ്ക് നിക്ഷേപങ്ങൾ, ചിട്ടി , സ്വർണ സമ്പാദ്യ പദ്ധതികൾ, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിങ്ങനെ അനവധി നിരവധി പദ്ധതികൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ, അൽപ ലാഭത്തിനു വേണ്ടി തട്ടിക്കൂട്ട് പ്രസ്ഥാനങ്ങളിൽ പണം നിക്ഷേപിക്കാതിരിക്കുക. അതിൽ നിന്നുള്ള അധിക ലാഭം വേണ്ടെന്നു വെക്കുക.
നാട്ടിലെ പല അറിയപ്പെടുന്ന വ്യക്തികളും അറിഞ്ഞോ അറിയാതെയോ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ നിങ്ങൾ അതിൽ ചേരരുത്. മറ്റുള്ളവർ പെട്ടെന്ന് പണമുണ്ടക്കിയ കാര്യം ചൂണ്ടിക്കാട്ടി നിങ്ങളെ വലവീശും. അത് വെറും നീർകുമിളകൾ ആണെന്ന് തിരിച്ചറിയുക. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴെഞ്ചാല്ല് ഓർക്കുക .
(ലേഖകൻ മസ്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.