കൃത്യസമയത്ത് സേവനം നൽകിയില്ല; കർശന നടപടിയുമായി സി.പി.എ
text_fieldsമസ്കത്ത്: കൃത്യസമയത്ത് സേവനം നൽകാത്തതും അനധികൃത കച്ചവടങ്ങളിലേർപ്പെടുന്നതുമായ വാണിജ്യസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഉപഭോക്തൃസംരക്ഷണ അതോറിറ്റി(സി.പി.എ). കഴിഞ്ഞ ഒരാഴ്ച മാത്രം ഉപഭോക്താക്കൾക്ക് സി.പി.എ തിരിച്ചുവാങ്ങിക്കൊടുത്തത് 7000 ഒമാൻ റിയാലാണ്. വാഹന സ്പെസിഫിക്കേഷൻ പ്രശ്നങ്ങളും ഉൾപ്പെടെ സേവനദാതാക്കളുടെ വീഴ്ചമൂലം പ്രശ്നമുണ്ടായ ദാഖിലിയയിലെയും സുവൈഖിലെയും ഉപഭോക്താക്കൾക്കാണ് 7000 റിയാൽ തിരിച്ചുവാങ്ങിക്കൊടുത്തത്.
സി.പി.എ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. ദോഫാറിൽ ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ 450 ടയറുകൾ പിടിച്ചെടുത്തിരുന്നു. കൂടാതെ, ഉപഭോക്തൃസംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് തെക്കൻ ബാത്തിനയിലെ വാണിജ്യസ്ഥാപന അധികൃതർക്ക് തടവും 1000 ഒമാൻ റിയാൽ പിഴയും വിധിച്ചു. വടക്കൻ ശർഖിയ ഗവർണറേറ്റിൽ കോസ്മെറ്റിക്സ് ഷോപ്പുകളിൽ പരിശോധന കമ്പയിൻ സംഘടിപ്പിച്ചു.
ബിദിയയിൽ രണ്ട് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി 20 ഓളം ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മുദൈബിയിൽ നിരവധി നിയമലംഘനങ്ങളും 34 ഇനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഇബ്രയിൽ എട്ട് സ്ഥാപനങ്ങൾ പരിശോധനിച്ച് 86 യൂനിറ്റ് സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. അതേസമയം ബിസിനസ് വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, മസ്കത്തിലെ വാണിജ്യ ഔട്ട്ലെറ്റുകളിലേക്ക് ക്യു.ആർ കോഡുകൾ വിതരണം ചെയ്യുന്ന പുതിയ സംരംഭവും സി.പി.എ ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.