ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ നേരിയ വർധന
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ കുറയുന്നതായി റിപ്പോർട്ട്. വിസാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2024ല്‍ 637,152 ആയിരുന്നു ബംഗ്ലാദേശ് പ്രവാസികളുടെ എണ്ണം. ഈ വര്‍ഷം ജൂണില്‍ ഇത് 621,048 ആയി കുറഞ്ഞു.
2.5 ശതമാനത്തിന്റെ കുറവുണ്ടായി. 2023 ഒക്ടോബര്‍ മുതലാണ് ബംഗ്ലാദേശി പൗരന്മാര്ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയത്. കുടുംബ, ഔദ്യോഗിക, പ്രഫഷണല്‍ വിസകള്‍ ഉള്‍പ്പെടെ പരിമിതമായ ഇളവുകളാണ് നിലവിലുള്ളത്. ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും ചില ഉയര്‍ന്ന വരുമാനമുള്ള വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. 5,06,630ല്‍നിന്ന് 508,386 ആയാണ് ഉയര്‍ന്നത്. പാകിസ്താനികളും കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 317,296ല്‍ നിന്ന് 312,105 ആയാണ് കുറഞ്ഞത്. ഫിലിപ്പീന്‍സ് പ്രവാസികളുടെ എണ്ണം 44,913ല്‍ നിന്ന് 44,438 ആയി കുറഞ്ഞു. എന്നിരുന്നാലും, സുഡാനീസ് പ്രവാസികളുടെ എണ്ണം 23,545ല്‍ നിന്ന് 21,344 ആയി നേരിയ കുറവുണ്ടായതായും ദേശീയ സ്ഥിതി വിവര കേന്ദ്രം കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ശ്രദ്ധേയമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈജിപ്ഷ്യന്‍ പ്രവാസികള്‍ 45,921ല്‍നിന്ന് 47,613 ആയും മ്യാന്മര് പൗരന്മാര് 33,110ല്‍ നിന്ന് 36,375 ആയും ടാന്സാനിയക്കാര് 23,530ല്‍നിന്ന് 26,206 ആയും വര്‍ധിച്ചു. ശ്രീലങ്കന്‍ തൊഴിലാളികളുടെ എണ്ണം 2024ല്‍ 24,156 ആയിരുന്നു. ഈ വര്‍ഷം അത് 22,440 ആയി കുറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.