ആഘോഷ രാവായി സോക്കർ കാർണിവൽ
text_fields'ഗൾഫ് മാധ്യമം' സോക്കർ കാർണിവലിന്റെ സമാപനദിവസമായ വെള്ളിയാഴ്ച ബൗഷർ ക്ലബ് സ്റ്റേഡിയത്തിലെ ജനക്കൂട്ടം..
മസ്കത്ത്: മസ്കത്തിലെ കായിക-കലാ പ്രേമികൾക്ക് ഓർത്തിരിക്കാൻ ഒത്തിരി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച് ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്റെ രണ്ടാം പതിപ്പിന് തിരശ്ശീലവീണു. രണ്ട് ദിവസങ്ങളിലായി മസ്കത്ത് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. കളം നിറഞ്ഞാടിയ ടീമുകൾ കൽപന്തുകളിയുടെ ആവേശത്തിരാമാലകൾ തീർത്തപ്പോൾ, ഫുഡ്സ്റ്റാളുകളും കലാ പ്രകടനങ്ങളും കുടുംബങ്ങളെയും കുട്ടികളെയും ആഘോഷത്തിന്റെ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു.
കേരളത്തിലെ പ്രമുഖ ടീമുകൾക്ക് ബൂട്ടണിഞ്ഞ ഒരുപിടി മിന്നും താരങ്ങളായിരുന്നു ഗൾഫ്മാധ്യമം സോക്കർ കാർണിവലിന്റെ കീരീടത്തിനായുള്ള പോരട്ടത്തിൽ പ്രധാന ക്ലബുകൾക്കായി ഇറങ്ങിയിരുന്നത്. സമാപന ദിവസമായ വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേതന്നെ ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു.കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളുമായി 20ൽ അധികം ഫുഡ്സ്റ്റാളുകളായിരുന്നു ഒരുക്കിയിരുന്നത്.
'ഗൾഫ് മാധ്യമം' സോക്കർ കാർണിവലിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ഭക്ഷണ പ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ എന്നിവ കാർണിവലിന് മാറ്റുകൂട്ടുകയും ചെയ്തു. ഇശൽ മസ്കത്തിന്റെ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ടടകം വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും പുത്തൻ കാഴ്ചകളാണ് കാണികൾക്ക് നൽകിയത്. നടനും അവതാരകനുമായ ഡെയിൻ ഡേവിസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നടന്ന മത്സരങ്ങൾ ഏരെയും പിടിച്ചുനിർത്തുന്നതായി. വിജയികളായവർ കൈ നിറയെ സമ്മാനങ്ങളമായാണ് വീട്ടിലേക്ക് മടങ്ങിയത്.
മുഖ്യാതിഥിയായി പങ്കെടുത്ത മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആന്റണി വർഗീസ് എന്ന പെപെയെ കരഘോഷത്തോടെയാണ് കാണികൾ വേദിയിലേക്ക് വരവേറ്റത്. മയക്കുമരുന്നിനെതിരെ സി.കെ. വിനീതിന്റെനേതൃത്വത്തിൽ പ്രതിജ്ഞയും എടുത്തു. നാട്ടിൽനിന്നെത്തിയ റാഷിദ് കോട്ടക്കല്ലിന്റെ അനൗൺസ്മെന്റ് ഫുട്ബാൾ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നതായി.സോക്കർ കാർണിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ് അധ്യക്ഷതവഹിച്ചു.
നെസ്റ്റോഹൈപ്പർമാർക്കറ്റ്സ് ഒമാൻ റീജ്യനൽ ഓപറേഷൻ മാനേജർ ഷാജി അബ്ദുല്ല, ബദർ അൽസമ ഹോസ്പിറ്റൽസ് ഇൻഷൂറൻസ് ബിസിനസ് ഗ്രൂപ ഹെഡ് എം.എ റഫീഖ്, ലുലു എക്സചേഞ്ച് ഒമാൻ മാർക്കറ്റിങ് മാനേജർ ബിനോദ്കുമാർ ദാസ്, പാരമൗണ്ട് ഫുഡ് സർവിസ് എക്യുപ്മെന്റ് സൊലൂഷൻസ് ഒമാൻ-ബഹ്റൈൻ റീജിയനൽ ഹെഡ് സുഹൈൽ എം തെരുവോത്ത്, അൽ ഉഫൂഖ് ഡയറക്ടർ ഇർഫാൻ, റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ജഹാസ് പടിയത്ത് എന്നിവർക്ക് ആന്റണി വർഗീസ് ഉപഹാരം കൈമാറി.
ഫുഡ്ലാന്റ്സ് റസ്റ്റാറന്റ് ഓപറേഷൻസ് മാനേജർ മുഹമ്മദ് ഉസ്മാൻ ഫാസിൽ, യുനൈറ്റഡ് കാർഗോ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ നിയാസ് അബ്ദുൽ ഖാദർ, റുബൂഅ ടോപ്ടെൻ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, റൂവി ഗോൾഡൻ തുലിപ് ഓപറേഷൻസ് ഡയറക്ടർ കെവി. ഉമ്മർ, മാക് 12 സൈൻസ് ആൻഡ് ഫിറ്റൗട്സ് ജനറൽ മാനേജർ ഹാഷിർ മാക് എന്നിവർക്ക് സി.കെ. വിനീതും ഈസി സ്റ്റോർ ഒമാൻ ബ്രാഞ്ച് ഇൻ ചാർജ് നിഷാദ്, പ്രോസോൺ സ്പോർട്സ് കോ ഫൗണ്ടർ ജസീൽ അഹമ്മദ്, ആർ.എഫ്.സി ഒമാൻ സി.ഇ.ഒ അബ്ദുൽ സലീം, കെ.എം.എഫ്.എ പ്രതിനിധി സുജേഷ് ചേലോറ, ഇന്റലിജന്റ് ഇവന്റ്സ് പ്രതിനിധി ആദം എന്നിവർക്ക് ഡെയിൻ ഡേവിസും ഉപഹാരം കൈമാറി.
ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് ചെയർമാൻ ഫസൽ കതിരൂർ, മീഡിയവൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ, സോക്കർ കാർണിവൽ പ്രോഗ്രാം കൺവീനർ സൈതാലി ആതവനാട് എന്നിവർ സംബന്ധിച്ചു. ഒമാനി ക്ലബുകൾ, പ്രോസോൺ സ്പോർട്സ് അക്കാദമി, യൂനിറ്റി ഫുട്ബാൾ അക്കാദമി, ഫിസിക്സ് വാല എന്നിവരുടെ പ്രദർശന മത്സരവും നടന്നു.
സോക്കർ കാർണിവൽ കിരീടത്തിൽ മുത്തമിട്ട് മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സി
'ഗൾഫ് മാധ്യമം' സോക്കർ കാർണിവൽ സീസൺ രണ്ടിന്റെ കിരീടത്തിൽ മുത്തമിട്ട് മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സി. ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽ നടന്ന കലാശക്കളിയിൽ എൻ.ടി.എസ്. എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് മസ്കത്തിന്റെ സെവൻസ് ഫുട്ബാൾ കിരീടം മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സി സ്വന്തമാക്കിയത്. ടൂർണമെന്റിലെ രണ്ടാം സ്ഥാനം എൻ.ടി.എസ്. എഫ്.സിയും മൂന്നാം സ്ഥാനം യുനൈറ്റഡ് കേരള എഫ്.സിയും സ്വന്തമാക്കി.
'ഗൾഫ് മാധ്യമം' സോക്കർ കാർണിലിൽ ജേതാക്കളായ മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സി
കലാശക്കളിയുടെ ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരുടീമുകളും മുന്നേറിയത്. എതിർ ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എന്നാൽ, രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയിറങ്ങിയ എൻ.ടി.എസ്. എഫ്.സി ആദ്യം ഗോൾ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സി തിരിച്ചടിച്ച് സമനിലപിടിച്ചു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സിക്കുള്ള വിന്നേഴ്സ് ട്രോഫി ആന്റണി വർഗീസ്, 600 റിയാലിന്റെ ക്യാഷ് പ്രൈസ് ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ്, മെഡലുകൾ ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
സോക്കർ കാർണിവലിൽ റണ്ണേഴ്സായ എൻ.ടി.എസ്. എഫ്.സി
റണ്ണേഴ്സ് ട്രോഫി സി.കെ. വിനീത്, 250 റിയാലിന്റെ ക്യാഷ് പ്രൈസ് ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ്, മെഡലുകൾ ഗൾഫ് മാധ്യമം-മീഡിയവൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുനീർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. സെക്കൻഡ് റണ്ണറപ്പിനുള്ള ട്രോഫി ഡെയിൻ ഡേവിസ്, 100 റിയാലിന്റെ ക്യഷ് പ്രൈസ് ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ്, മെഡലുകൾ ഇന്റലിജന്റ് ഇവന്റ്സ് മാനേജിങ് ഡയറക്ടർ ജോയ്സൺ എന്നിവർ സമ്മാനിച്ചു.
സോക്കർ കാർണിവലിൽ സെക്കൻഡ് റണ്ണേഴ്സായ യുനൈറ്റഡ് കേരള എഫ്.സി
ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി എൻ.ടി.എസ്. എഫ്.സിയുടെ സാലി, മികച്ച ഗോൾകീപ്പറായി മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സിയുടെ അഫ്സൽ, മികച്ച ഡിഫന്ററായി മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം എഫ്.സിയുടെ സലീൽ എന്നിവരെ തെരഞ്ഞെടുത്തു. ടോപ്ടെൻ ബർക്ക എഫ്.സിയുടെ ദിൽഷാദ് ആണ് ടോപ് സ്കോറർ. നാലുപേർക്കും ഗൾഫ് മാധ്യമം നൽകിയ 50 റിയാലിന്റെ ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിച്ചു. സോക്കർ കാർണിവൽ കമ്മിറ്റി കൺവീനർ സൈതാലി ആതവനാട്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മനേജർ ഷൈജു സലാഹുദ്ദീൻ, ആർ.എഫ്.സി സി.ഒ.ഒ അൻവർ സാദത്ത്, പ്രേസോൺ സപോർട്സ് അക്കാദമി കോഫൗണ്ടർ ജസീൽ അഹമദ് എന്നിവർ ഉപഹാരം വിതരണം ചെയ്തു .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.