സുഹാർ മലയാളി സംഘം യുവജനോത്സവം സമാപിച്ചു
text_fieldsസുഹാർ: സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെ സുഹാർ മലയാളി സംഘം സംഘടിപ്പിച്ച എട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ കൊടിയിറക്കം. രണ്ട് ദിവസങ്ങളിലായി സുഹാർ അമ്പറിലെ വുമൺസ് അസോസിയേഷൻ ഹാളിൽ പ്രത്യേകം തയാറാക്കിയ മൂന്ന് വേദികളിലായിരുന്നു പരിപാടി അരങ്ങേറിയത്. യുവജനോത്സവ വിധികർത്താക്കൾ, സംഘടനാ പ്രതിനിധികൾ, സ്വദേശി പ്രമുഖർ, മലയാളി സംഘം ഭാരവാഹികൾ, പരിപാടിയുടെ മുഖ്യ പ്രായോജകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചങ്ങിൽ മലയാള സിനിമ സംവിധായകൻ ബോബൻ സാമുവൽ, സിനിമാ താരം രശ്മി ബോബൻ എന്നിവർ മുഖ്യാഥിതികളായി.
ഒമാനിലെ വിവിധ മേഖലയിൽ നിന്നെത്തിയ നാനൂറോളം മത്സരാർഥികളാണ് രണ്ടുദിനം മാറ്റുരച്ചത്. വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗതാഞ്ജലി തുടങ്ങി മൂന്നു വേദികളിലായി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു. പാട്ടിന്റെയും നൃത്തത്തിന്റെയും കവിതാ പാരയണത്തിന്റെയും മറ്റു മത്സര ഇനങ്ങളുടെയും അകമ്പടിയോടെ രാവേറെ നീണ്ട കലാ മാമാങ്കത്തിന് തിരശീല വീണതോടെ സുഹാർ മലയാളി സംഘം തീർത്ത ചിട്ടയായ നടത്തിപ്പ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
സമാപന സമ്മേളനത്തിൽ സ്വദേശി വനിത ഡോക്ടർ ഫാദില അബ്ദുല്ല സുലൈമാൻ അൽ റഹാലി (മജിലിസ് ശൂറ മെമ്പർ), കദീജ മുഹമ്മദ് അൽ നൊഫ്ലി (വുമൺസ് അസോസിയേഷൻ ഹാൾ മാനേജർ), വിധി കർത്താക്കളായ കലാമണ്ഡലം മാലതി സുനീഷ്, കലാമണ്ഡലം രമ്യ ശങ്കർ, ആർ.എൽ.വി അനുപമ മേനോൻ, സുരേഷ് കണ്ണൻ, ശ്വേത ശരത്, നികേഷ് കണ്ണൂർ, സുഹാർ മലയാളി സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കലാ തിലകം, കലാപ്രതിഭ, സർഗപ്രതിഭ, കലാശ്രീ എന്നീ പട്ടങ്ങൾ നേടിയവരുടെ പേരുകൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.