Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ ചൂഷണം തടയാൻ മസ്കത്ത് വിമാനത്താവളത്തിൽ പ്രത്യേക ഓഫിസ്

text_fields
bookmark_border
തൊഴിലാളികളുടെ അവകാശങ്ങൾ 13 ഭാഷകളിൽ അറിയാം
തൊഴിൽ ചൂഷണം തടയാൻ മസ്കത്ത് വിമാനത്താവളത്തിൽ പ്രത്യേക ഓഫിസ്
cancel

മസ്കത്ത്: ഒമാനിലെത്തുന്ന വിദേശ തൊഴിലാളികളെ തൊഴിൽ ചൂഷണത്തിൽനിന്നും മനുഷ്യക്കടത്തിൽനിന്നും സംരക്ഷിക്കുന്നതിനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോധവത്കരണ ഓഫിസ് തുറന്നു. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിലെ ആഗമന മേഖലയിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്.

തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങളും നിയമപരമായ ബാധ്യതകളും പരിചയപ്പെടുത്തുന്നതിനൊപ്പം ചൂഷണങ്ങൾ നേരിടുന്നവർക്ക് ബന്ധപ്പെട്ട അധികൃതരുടെ സഹായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സമിതിയുടെ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ഡിജിറ്റൽ സ്ക്രീൻ സ്ഥാപിച്ചിട്ടുണ്ട്.

13 ഭാഷകളിൽ ലഭ്യമാകുന്ന സ്ക്രീനിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച വിവരങ്ങളും ബോധവത്കരണ സന്ദേശങ്ങളും അറിയാം. വിവിധ രാജ്യങ്ങളുടെ എംബസികളുടെ ബന്ധപ്പെടാനുള്ള നമ്പറുകളും സമിതിയുടെ ഹോട്ട്ലൈൻ നമ്പറും ഇതിലൂടെ ലഭ്യമാക്കും.

രണ്ടാം ഘട്ടത്തിൽ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഓഫിസിൽ നിയോഗിക്കും. ഒമാനിലെത്തുന്ന തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി തൊഴിലുടമയുടെ പേരും കരാറിൽ നിശ്ചയിച്ച ശമ്പളവും ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ പരിശോധിക്കും. തൊഴിൽ വ്യവസ്ഥകളെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുകയും ചെയ്യും.

കരാർ പ്രകാരമുള്ള ശമ്പളം ലഭിക്കാനുള്ള അവകാശം, തൊഴിൽ കരാറിലെ വ്യവസ്ഥകൾ, ജോലി സമയവും വിശ്രമവും, പരാതികൾ സമർപ്പിക്കാനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും തൊഴിലാളികൾക്ക് നൽകും. പാസ്പോർട്ട് തടഞ്ഞുവെക്കൽ, ഭീഷണി, നിർബന്ധിത തൊഴിൽ, ജോലിയെക്കുറിച്ചും തൊഴിൽ വ്യവസ്ഥകളെക്കുറിച്ചുമുള്ള തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ ചൂഷണ സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകും.

ഭാഷാപരമായ തടസ്സങ്ങൾ തൊഴിലാളികൾക്ക് അവകാശങ്ങൾ മനസ്സിലാക്കുന്നതിനും സഹായം തേടുന്നതിനും പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് 13 ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുന്നത്. തൊഴിൽ ചൂഷണത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽതന്നെ തിരിച്ചറിയാനും പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുമ്പ് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി വൈസ് ചെയർമാനും ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈശി, ഒമാൻ തൊഴിലാളി ജനറൽ ഫെഡറേഷൻ ഡയറക്ടർ ജനറലും സമിതി അംഗവുമായ ജാസിം ബിൻ ഹമൂദ് അൽ മാലികി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Special office at Muscat airport to prevent labor exploitation
Next Story