സുൽത്താൻ ഖാബൂസ് ആശുപത്രി നിർമാണ പുരോഗതി വിലയിരുത്തി
text_fieldsസുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണ പുരോഗതി ആരോഗ്യമന്ത്രി ഹിലാൽ അൽ
സബ്തി വിലയിരുത്താനെത്തിയപ്പോൾ
സലാല: സലാലയിൽ നിർമാണം നടക്കുന്ന സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ പുരോഗതി ആരോഗ്യമന്ത്രി ഹിലാൽ അൽസബ്തി വിലയിരുത്തി. ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച മന്ത്രി നിർമാണപ്രർത്തനങ്ങൾ പരിശോധിച്ചു. ആരോഗ്യസംരക്ഷണ ശേഷി വർധിപ്പിക്കുന്നതിനും സമൂഹത്തിന് നൽകുന്ന മെഡിക്കൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരിച്ചു.
പ്രൈവറ്റ് ഓഫിസിലെ ഉപദേഷ്ടാവ് ഡോ. സുൽത്താൻ അൽ ബുസൈദിയും ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ദോഫാർ ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യ സംരംഭങ്ങളിലൊന്നാണ് സുൽത്താൻ ഖാബൂസ് ആശുപത്രി പദ്ധതി. പൂർത്തിയാകുമ്പോൾ, മേഖലയിലെ വർധിച്ചുവരുന്ന ആരോഗ്യസംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന നൂതന മെഡിക്കൽ സേവനങ്ങൾ, ആധുനിക ഉപകരണങ്ങൾ, പ്രത്യേക യൂനിറ്റുകൾ എന്നിവ ഇത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
സുൽത്താനേറ്റിലെ ആരോഗ്യമേഖലക്ക് കരുത്തേകുന്ന ആശുപത്രിയുടെ നിർമാണം 72 ശതമാനം പൂർത്തിയായിട്ടുണ്ട്. അടുത്തവർഷം ആഗസ്റ്റിൽ ആരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. ഓങ്കോളജി സേവനങ്ങളുൾപ്പെടെയുള്ള ആശുപത്രി സേവനം മൊത്തത്തിലുള്ള പരിചരണ നിലവാരം ഉയർത്തും. കൂടുതൽ ഉയർന്ന യോഗ്യതയുള്ള മെഡിക്കൽ, സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കും.
129 ദശലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതി 2,00,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഒരുങ്ങുന്നത്. ഗവർണറേറ്റിലെ സെക്കൻഡറി, ക്രിട്ടിക്കൽ കെയർ ശേഷി ശക്തിപ്പെടുത്തുന്നതിനായാണ് ആതുരാലയം ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രധാന കെട്ടിടത്തിൽ ഒരു ഗ്രൗണ്ട് ഫ്ലോറും ആറ് മുകൾനിലകളും ഉൾപ്പെടുന്നു.
ശസ്ത്രക്രിയ, ഇന്റേണൽ മെഡിസിൻ, പ്രസവചികിത്സ, ഗൈനക്കോളജി എന്നിവയുൾപ്പെടെ ഒന്നിലധികം സ്പെഷാലിറ്റികളിലായി പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള 700 കിടക്കകൾ ആശുപത്രിയിൽ ഒരുക്കും.
പീഡിയാട്രിക് വാർഡ്, ബേൺസ് യൂനിറ്റ്, പീഡിയാട്രിക് സ്പെഷൽ കെയർ യൂനിറ്റ്, മുതിർന്നവരുടെ തീവ്രപരിചരണ യൂനിറ്റ്, 25 ഡെലിവറി റൂമുകൾ, രണ്ട് ഓപറേഷൻ തിയറ്ററുകൾ, പൂർണമായും സംയോജിതമായ ഒരു അടിയന്തര വിഭാഗം, ഒരു ഐസൊലേഷൻ വാർഡ് എന്നിവയും ഇവിടെ ഉണ്ടായിരിക്കും.
മൂന്ന് എക്സ് റേ യൂനിറ്റുകൾ, രണ്ട് സി.ടി സ്കാനറുകൾ, ഒരു എം.ആർ.ഐ, അൾട്രാസൗണ്ട് സിസ്റ്റങ്ങൾ, അസ്ഥി സാന്ദ്രത, മാമോഗ്രാഫി ഉപകരണങ്ങൾ, ഫാർമസി, മെഡിക്കൽ ലബോറട്ടറികൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര റേഡിയോളജി വിഭാഗം ഉണ്ടായിരിക്കും. എൻഡോസ്കോപ്പി സ്യൂട്ടുകൾ, ലിത്തോട്രിപ്സി, നെഫ്രോളജി യൂനിറ്റ്, ചെറിയ നടപടിക്രമങ്ങൾക്കുള്ള ഒരു മുറി, സമർപ്പിത ഫിസിയോതെറപ്പി, കീമോതെറപ്പി യൂനിറ്റുകൾ എന്നിവ ഡേ-കെയർ സേവനങ്ങളിലും ഉൾപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.